

മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന ചിത്രമാണ് ബാലൻ. 'രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് സിനിമകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചെറിയ രംഗങ്ങള്‍ കണ്ടുവെന്നും അതിശയിച്ചു പോയെന്നും പറയുകയാണ് ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.
'മഞ്ഞുമ്മല്‍ ബോയ്സ് നിർമിച്ച ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ ചിദംബരത്തോടൊപ്പം ഞാൻ നിൽക്കുന്നു. അദ്ദേഹത്തിന്‍റെ പുതിയ ചിത്രം ബാലന്‍റെ ഒരു ചെറിയ കട്ട് കണ്ടു. അസാധാരണം ആണ്. അതിഗംഭീരം', എന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം എത്തുന്ന ചിത്രമായതിനാൽ തന്നെ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ബാലൻ സിനിമ നിർമിക്കുന്നത്. ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്. തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവ നിർമിക്കുന്ന കെ വി എൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘ബാലൻ’. ‘മഞ്ഞുമ്മൽ ബോയ്സി’ന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ് ആണ്.
മഞ്ഞുമ്മൽ ബോയ്സിന്റെ ആഘോഷം എല്ലാം കഴിഞ്ഞപ്പോൾ ടെൻഷൻ വന്നു തുടങ്ങിയെന്നും, ഒരു വലിയ ഗ്യാപ്പ് വന്നപ്പോൾ നടൻ സജിൻ ഗോപുവാണ് ജിത്തു മാധവന്റെ കയ്യിൽ ഒരു കഥ ഉണ്ടെന്നും അങ്ങനെയാണ് ബാലനിലേക്ക് എത്തിയതെന്നും ചിദംബരം തന്നെ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചെറിയ ക്യൂട്ട് സ്റ്റോറി ആണ് സിനിമയുടേതെന്നും ചിദംബരം കൂട്ടിച്ചേർത്തിരുന്നു.
Content Highlights: Filmmaker Ram Gopal Varma expressed surprise after watching actor Balan’s scenes in the upcoming Malayalam film Chidambaram, which follows his performance in Manjummal Boys, praising the unexpected intensity.