അക്ഷയ് ഖന്നയെ നായകനാക്കരുത് എന്ന് എല്ലാവരും പറഞ്ഞു, എന്നാൽ സെറ്റിലെത്തിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: പ്രിയദർശൻ

'പലരും എന്നെ എതിർത്തു. വളരെ മൂഡ് സ്വിങ്‌സുള്ളയാളാണെന്നായിരുന്നു അവർ പറഞ്ഞത്'

അക്ഷയ് ഖന്നയെ നായകനാക്കരുത് എന്ന് എല്ലാവരും പറഞ്ഞു, എന്നാൽ സെറ്റിലെത്തിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: പ്രിയദർശൻ
dot image

ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ സംസാരവിഷയം അക്ഷയ് ഖന്ന ആണ്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ദർ എന്ന സിനിമയിൽ അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രം വലിയ കയ്യടികൾ ആണ് നേടുന്നത്. ചിത്രത്തിലെ നടന്റെ പ്രകടനവും ഒരു രംഗത്തിലെ ഡാൻസുമെല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ അക്ഷയ് ഖന്നയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ പ്രിയദർശൻ.

അക്ഷയ് ഖന്നയെ നായകനാക്കാൻ ശ്രമിച്ചപ്പോൾ പലരും എതിർത്തെന്നും എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും കയ്‌പേറിയ ഒരനുഭവം പോലും ഉണ്ടായില്ലെന്നും പ്രിയദർശൻ പറയുന്നു. 'ഞാനാദ്യമായി ഹിന്ദിയിൽ സംവിധാനം ചെയ്ത ചിത്രമാണ് 'ഡോളി സജാ കെ രഖ്‌നാ'. അതിൽ അക്ഷയ് ഖന്നയെ നായകനാക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞപ്പോൾ പലരും എന്നെ എതിർത്തു. വളരെ മൂഡ് സ്വിങ്‌സുള്ളയാളാണെന്നായിരുന്നു അവർ പറഞ്ഞത്. പക്ഷേ, ഇതിന്റെ നേരെ എതിർസ്വഭാവമുള്ളയാളെയാണ് ഞാൻ സെറ്റിൽ കണ്ടത്. ആദ്യ സിനിമ മുതൽ തന്നെ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നി. എനിക്ക് ഒരിക്കലും അദ്ദേഹം ബുദ്ധിമുട്ടായി തോന്നിയില്ല. രാവിലെ 5 മണിക്ക് സെറ്റിലെത്താൻ പറഞ്ഞാൽ, കൃത്യസമയത്ത് തന്നെ അദ്ദേഹമുണ്ടാവും. ഞങ്ങൾ ആറു സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചു. അതിനിടയിൽ കയ്‌പേറിയ ഒരനുഭവം പോലുമില്ല. വിമർശനങ്ങൾ അദ്ദേഹത്തെ അലട്ടാറുമില്ല' പ്രിയദർശന്റെ വാക്കുകൾ.

ധുരന്ദറിൻ്റെ വിജയത്തിന് പിന്നാലെ ചില വിമർശനങ്ങളും അക്ഷയ് ഖന്നയെ ചുറ്റിപ്പറ്റി ഉയർന്നിരുന്നു. ദൃശ്യം 3-യുടെ ഹിന്ദി പതിപ്പിൽ നിന്നും അക്ഷയ് ഖന്ന പിന്മാറിയെന്നും പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കമാണ് ഇതിന് കാരണം എന്നുമാണ് റിപ്പോർട്ടുകൾ. പിന്നാലെ ദൃശ്യം 3യുടെ നിർമാതാവും സംവിധായകനും അക്ഷയ്‌ക്കെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു. പ്രൊഫഷണല്ലാത്ത പെരുമാറ്റമാണ് അക്ഷയുടേതെന്നും അയാൾ ടോക്‌സിക്ക് ആണെന്നും അവർ ആരോപിച്ചു. സിനിമ ചിത്രീകരണം തുടങ്ങുന്നതിനു 10 ദിവസം മുമ്പ് മാത്രമാണ് അക്ഷയ് സിനിമയിൽനിന്ന് പിന്മാറിയതെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ഈ വിഷയത്തിൽ കൂടുതൽ അപ്ഡേറ്റ് ഒന്നും നിർമ്മാണകമ്പനി പുറത്തുവിട്ടിട്ടില്ല.

akshaye khanna

അതേസമയം, ധുരന്ദർ മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചത്.

Content Highlights: everybody told me not to cast akshaye khanna says priydarshan

dot image
To advertise here,contact us
dot image