അതിജീവിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ അതിജീവിതന്റെ ഭാഗവും കേൾക്കണം; രാഹുലിനെ പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

'സ്ത്രീകള്‍ കുടുംബബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന് കൂടുതല്‍ വില കല്‍പ്പിക്കണം'

അതിജീവിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ അതിജീവിതന്റെ ഭാഗവും കേൾക്കണം; രാഹുലിനെ പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ
dot image

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. രാഹുലിനെ പിന്തുണയ്ക്കുന്നതിനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ നിലവിലെ പരാതികളില്‍ സംശയവും പ്രകടിപ്പിച്ചു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണം. താന്‍ അദ്ദേഹത്തോടൊപ്പമാണ്. രാഹുലിനെതിരെ ഉയര്‍ന്ന പല പരാതികളിലും സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശ്രീനാദേവി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കിയത്.

പുതിയ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് പറയുന്നു, അതില്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിന് ശേഷം പ്രതിക്ക് ചെരുപ്പ് വാങ്ങി നല്‍കുകയും ഫ്‌ളാറ്റ് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ? സ്ത്രീകള്‍ കുടുംബബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന് കൂടുതല്‍ വില കല്‍പ്പിക്കണമെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണെന്ന് ശ്രീനാദേവി വ്യക്തമാക്കി. മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാല്‍ രണ്ടാള്‍ക്കും ഒരേ പരിഗണന ലഭിക്കുന്നില്ല. അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതിനാലാകാം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ രാഹുല്‍ ക്രൂശിക്കപ്പെടാന്‍ പാടില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. തിരുവല്ല ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷകള്‍ പരിഗണിക്കുക. വിശദമായ തെളിവെടുപ്പിനായി രാഹുലിനെ ഒരാഴ്ച്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടത്. മാവേലിക്കര സബ്ജയിലിലുള്ള രാഹുലിനെ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാകും.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അടിയന്തരമായി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കോടതിയില്‍ കഴിഞ്ഞദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. രാഹുലുമായി തെളിവെടുപ്പ് നടത്തണമെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വാദം കേട്ട തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടിക്രമങ്ങളുടെ ഭാഗമായി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയെന്നാണ് കേസ്.

Content Highlight; Pathanamthitta District Panchayat Member Sreenadevi Kunjamma Backs Rahul Mangkootathil, Raises Doubts Over Current Complaints

dot image
To advertise here,contact us
dot image