ഇതൊന്നും വിജയ്ക്ക് പുത്തരിയല്ല, തുപ്പാക്കിയും കത്തിയും സർക്കാരും വരെ; വിവാദങ്ങളെ തോൽപ്പിച്ച ചിത്രങ്ങൾ

ഇക്കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ വിജയ് സിനിമകളിൽ ഭൂരിഭാഗവും റിലീസിനു മുൻപ് പല തരത്തിലുള്ള പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. റിലീസിന് ശേഷം വലിയ വിജയവും നേടിയിട്ടുണ്ട്. ജനനായകൻ റിലീസ് അനിശ്ചിതത്വങ്ങൾക്കിടയിൽ ആ മുൻ സിനിമകളെ ഓർത്തെടുക്കുകയാണ് ആരാധകർ

ഇതൊന്നും വിജയ്ക്ക് പുത്തരിയല്ല, തുപ്പാക്കിയും കത്തിയും സർക്കാരും വരെ; വിവാദങ്ങളെ  തോൽപ്പിച്ച ചിത്രങ്ങൾ
dot image

പ്രതിഷേധങ്ങള്‍, തിയേറ്ററുകള്‍ ലഭിക്കാതിരിക്കല്‍, ഐ ടി റെയ്ഡുകള്‍, സര്‍ക്കാരുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍... അടുത്ത കാലത്തിറങ്ങിയ ഓരോ വിജയ് സിനിമയുടെയും ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്, പ്രശ്ങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങിയ വിജയ് സിനിമകളുടെ എണ്ണം അത് വിരലിലെണ്ണാവുന്നതിനേക്കാള്‍ കുറവാണ്. ചിലയിടത്ത് സിനിമയുടെ റിലീസിന് മുന്‍പായിരുന്നു പ്രശ്നങ്ങളെങ്കില്‍, മറ്റ് ചിലപ്പോള്‍ സിനിമയിലെ ഡയലോഗുകള്‍ പലരെയും ചൊടിപ്പിച്ചു. അത് പിന്നീട് ഇറങ്ങുന്ന ചിത്രങ്ങളെ വരെ ബാധിച്ചു.

പക്ഷെ, ഈ പ്രശ്ങ്ങളെയെല്ലാം താണ്ടി തിയേറ്ററിലെത്തിയ വിജയ് സിനിമകളും റെക്കോര്‍ഡ് കളക്ഷന്‍ നേടിക്കൊണ്ടാണ് തിയേറ്റര്‍ വിട്ടത്. മികച്ച അഭിപ്രായം നേടാനാകാത്ത ചിത്രങ്ങള്‍ പോലും കളക്ഷനില്‍ പിന്നോട്ടു പോയില്ല. അപൂര്‍വ്വം ചിലത് മാത്രം പരാജയമറിഞ്ഞു. ഇപ്പോള്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പ്രശ്നങ്ങളുമായി ജനനായകന്‍ റിലീസ് നീണ്ടുപോകുമ്പോള്‍, എല്ലാവരും ആ മുന്‍ സിനിമകളിലേക്ക് തിരിഞ്ഞു നോക്കുകയാണ്.

Actor Vijay

2011 ല്‍ പുറത്തിറങ്ങിയ കാവലനില്‍ നിന്ന് തുടങ്ങാം. തമിഴ്നാട് തിയേറ്റര്‍ മുതലാളിമാരായിരുന്നു അന്ന് പ്രശ്നവുമായി എത്തിയത്. വിജയ്യുടെ മുന്‍ ചിത്രമായ സുര വലിയ നഷ്ടമുണ്ടാക്കിയെന്നും അത് പരിഹരിക്കാതെ ചിത്രം പ്രദര്‍ശിപ്പിക്കില്ല എന്നായിരുന്നു ഇവരുടെ വാദം. ഡിഎംകെയുടെ പിന്തുണയോടെയാണ് വിജയ്‌ക്കെതിരെ ഈ പ്രതിഷേധം അരങ്ങേറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ജയലളിത ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും പറയപ്പെടുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചും റിലീസ് തടയണമെന്ന് ചിലര്‍ പരാതിയുമായി എത്തിയിരുന്നു. പിന്നീട്, മദ്രാസ് ഹൈക്കോടതിയില്‍ നിര്‍മാതാക്കള്‍ ഹരജിയുമായി പോവുകയും പ്രദര്‍ശനാനുമതി നേടുകയുമായിരുന്നു.

Vijay movies

2012ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയാണ് അടുത്തത്. ചിത്രത്തിന്റെ പേരിനെതിരെയാണ് ആദ്യം പരാതികളുയര്‍ന്നത്. ചിത്രത്തില്‍ മുസ്ലിങ്ങളെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നു എന്ന പരാതിയും പിന്നീട് വന്നു. ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാണ് തുപ്പാക്കി പിന്നീട് തിയേറ്ററുകളിലെത്തിയത്. അടുത്ത വര്‍ഷം തലൈവ എത്തി. വ്യക്തമായ കാരണങ്ങള്‍ കൂടാതെയായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്. അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് ചിത്രത്തിന്റെ തലൈവ: ടൈം ടു ലീഡ് എന്ന ടൈറ്റില്‍ ഇഷ്ടപ്പെട്ടില്ല എന്നായിരുന്നു പുറത്തുവന്ന വിവരം. വിജയ് പിന്നീട് വീഡിയോയുമായി എത്തി ഇതില്‍ വ്യക്തത വരുത്തിയിരുന്നു. അന്ന് ഓവര്‍സീസില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ചിത്രം തമിഴ്നാട്ടില്‍ റിലീസ് ചെയ്തത്.

വിജയ്‌യുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കത്തിയ്ക്കും റിലീസിന് മുന്‍പ് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ചിത്രം നിര്‍മിച്ച ലൈക ശ്രീലങ്കന്‍ കമ്പനിയാണെന്നതായിരുന്നു തമിഴ്‌നാട്ടില്‍ ചിലരെ ചൊടിപ്പിച്ചത്. അന്ന് വലിയ പൊലീസ് സംരക്ഷണയോടെയാണ് പല തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചത്.

Vijay movies

പുലി എന്ന ചിത്രത്തിന് സാമ്പത്തികപ്രശ്‌നങ്ങളും വിതരണക്കാരുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പുമായിരുന്നു നേരിടേണ്ടി വന്നത്. പിന്നീടാണ് മെര്‍സലിന്റെ വരവ്. വിജയ്ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നും ബിജെപിയില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ വരുന്നത് ഈ ചിത്രത്തോട് കൂടിയാണ്. സിനിമയുടെ റിലീസ് വലിയ പ്രതിസന്ധികളില്ലാതെ കടന്നുപോയെങ്കില്‍ റിലീസിന് ശേഷം ചിത്രത്തിലെ ഡയലോഗുകള്‍ കേന്ദ്രത്തെ ചൊടിപ്പിച്ചു. ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും കുറിച്ച് വിജയ്‌യുടെ നായക കഥാപാത്രം സംസാരിക്കുന്നതായിരുന്നു അന്നും പിന്നീടുള്ള വര്‍ഷങ്ങളിലും വിജയ്‌യോടുള്ള ബിജെപിയുടെ അമര്‍ഷത്തിന് കാരണമായത്.

സര്‍ക്കാര്‍ എന്ന ചിത്രത്തിലെ കഥയും ഡയലോഗുകളും രാഷ്ട്രീയക്കാരെ ചൊടിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സൗജന്യ വിതരണത്തിന്റെ വാഗ്ദാനവുമായി എത്തുന്നതിനെ ചിത്രം വിമര്‍ശിച്ചിരുന്നു. വിജയ് കഥാപാത്രം ഇതേ കുറിച്ച് പറയുന്ന ഡയലോഗുകളും ഉണ്ടായിരുന്നു. ഈ പറഞ്ഞ ചിത്രങ്ങളില്‍ ചിലതെല്ലാം സിനിമാറ്റിക്കായ പോരായ്മകള്‍ കൊണ്ട് സാമ്പത്തികമായ ചെറിയ പരാജയം അറിഞ്ഞെങ്കിലും ഭൂരിഭാഗം ചിത്രങ്ങളും വമ്പന്‍ വിജയങ്ങളായിരുന്നു. റിലീസ് അനിശ്ചിതത്വങ്ങള്‍ വിജയ് എന്ന സൂപ്പര്‍സ്റ്റാറിന്റെ ബോക്‌സ് ഓഫീസ് പവറിനെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. പലപ്പോഴും അവ സ്റ്റാര്‍ഡത്തിന്റെ ശക്തി കൂട്ടിയിട്ടേ ഉള്ളു.

Vijay movies

ഇനി ജനനായകനിലേക്ക് വന്നാല്‍, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ റിലീസ് മാറ്റി വെക്കേണ്ടി വന്ന വിജയ്‌യുടെ ആദ്യ ചിത്രമാകും ജനനായകന്‍. റിലീസിന് മുമ്പ് ഇത്രയും കൂടിയ രീതിയിലുള്ള സെന്‍സര്‍ പ്രശ്‌നങ്ങള്‍ മറ്റൊരു വിജയ് ചിത്രവും നേരിട്ടിട്ടില്ല. പക്ഷെ ഈ പ്രശ്‌നങ്ങള്‍ അവസാനിച്ച് ജനനായകന്‍ തിയേറ്റിലെത്തിയാല്‍ റെക്കോര്‍ഡ് കളക്ഷനാകും തമിഴ് സിനിമ കാണാന്‍ പോകുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. കാരണം ദളപതി വിജയ്‌യുടെ ഒരു സിനിമ മാത്രമല്ല ജനനായകന്‍. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന്റെ ഭാഗമായി സിനിമയില്‍ നിന്നും മാറിനില്‍ക്കാന്‍ പോകുന്ന വിജയ്‌യുടെ അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വിജയ്‌യുടെ കടുത്ത ആരാധകര്‍ അല്ലാത്തവര്‍ പോലും തിയേറ്ററില്‍ പോയി കാണണമെന്ന് ഉറപ്പിച്ചിരിക്കുന്ന ചിത്രമാണിത് എന്ന് നിസ്സംശയം പറയാം.

Content Highlights:  Vijay’s films, including Kathi, Thuppaki, and Sarkkar, have successfully overcome release crises, reflecting his strong box office appeal.

dot image
To advertise here,contact us
dot image