

ബോളിവുഡ് ചിത്രം ധുരന്ദറിന്റെ സംവിധായകൻ ആദിത്യ ധറിനെ അഭിനന്ദിച്ച് പ്രിയദർശൻ രംഗത്തുവന്നത് കഴിഞ്ഞ ദിവസം രംഗത്തുവന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമാരംഗത്തെ തന്റെ ശിഷ്യൻ കൂടിയായ ആദിത്യ ധർ നേടിയ വിജയത്തിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ടെന്നായിരുന്നു പ്രിയദർശൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ഇപ്പോൾ ഗുരുവിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് ആദിത്യ ധറും എത്തിയിരിക്കുകയാണ്. പ്രിയദർശന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റുമായാണ് ആദിത്യ എത്തിയത്. തന്റെ ഇന്ന കാണുന്ന ഈ വിജയം പ്രിയദർശന് കൂടി അവകാശപ്പെട്ടതാണെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയിലും ജീവിതത്തിലും എങ്ങനെ മുന്നേറണമെന്നതിന്റെ പാഠങ്ങൾ പകർന്ന് നൽകിയത് പ്രിയദർശൻ ആണെന്നും ആദിത്യ പറഞ്ഞു.

താൻ ആരുമല്ലാതിരുന്ന കാലത്ത് പ്രിയദർശൻ തന്നെ പരിഗണിച്ചെന്നും തുല്യതയോടെ പെരുമാറിയെന്നും ഓർത്തെടുക്കുന്ന ആദിത്യ ധർ താൻ എക്കാലവും പ്രിയദർശന്റെ ശിഷ്യൻ ആയിരിക്കുമെന്നും കൂട്ടിച്ചേർത്തു. പ്രിയദർശന് ഒപ്പം പ്രവർത്തിച്ച സമയങ്ങൾ വെറുമൊരു ജോലിയേക്കാൾ എത്രയോ മുകളിൽ ആണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

'പ്രിയപ്പെട്ട പ്രിയൻ സാർ, താങ്കളുടെ ഈ അഭിനന്ദനം എനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് വാക്കുകൾകൊണ്ട് അടയാളപ്പെടുത്താനാകില്ല. ഞാൻ ആരുമല്ലാതിരുന്ന കാലത്ത് എന്നിൽ താങ്കൾ വിശ്വസിച്ചു. സിനിമയെ കുറിച്ചുള്ള ബോധ്യവും എന്തൊക്കെയോ കുത്തിക്കുറിച്ച ചില പേജുകളും മാത്രമായിരുന്നു അന്ന് എനിക്ക് കൈമുതലുണ്ടായിരുന്നത്.
ജോലിക്കും അപ്പുറമായിരുന്നു താങ്കൾ എനിക്ക് നൽകിയത്. തുല്യതയും അന്തസ്സും വിശ്വാസവും സ്‌നേഹവും എനിക്ക് പകർന്നുനൽകി. എന്ത് ചെയ്യരുത് എന്നാണ് ഈ ഇൻഡസ്ട്രി നമ്മളെ കൂടുതലായും പഠിപ്പിക്കുന്നത്. പക്ഷെ പ്രിയൻ സാർ, താങ്കൾ മാത്രം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് കൃത്യമായി പറഞ്ഞു തന്നു. സംവിധായകനെന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യനെന്ന നിലയിലും വലിയ പാഠങ്ങളായിരുന്നു അവ.
ആക്രോശിനും തേസിനും ഡയലോഗുകൾ എഴുതിയത് മുതൽ ഇന്ന് ഇവിടെ എത്തിനിൽക്കുന്നതിൽ വരെ എന്റെ ഓരോ ചുവടുകളിലും താങ്കളുടെ കയ്യൊപ്പുണ്ട്. ഞാൻ എക്കാലവും താങ്കളുടെ ശിഷ്യനായിരിക്കും. എല്ലാത്തിനും നന്ദിയുണ്ട് സാർ. ഈ വിജയം എന്റേത് മാത്രമല്ല, സാറിന്റേത് കൂടിയാണ്,' ആദിത്യ ധർ കമന്റിൽ കുറിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദർശന്റെ സംവിധാന സഹായി ആയാണ് ആദിത്യ ധർ പ്രവർത്തിച്ചത്. ആദിത്യയെ അഭിനന്ദിച്ച് പ്രിയദർശൻ പങ്കുവെച്ച കുറിപ്പിൽ ആ സമയത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള കുറിപ്പും പങ്കുവെച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ആക്രോശ്, തേസ് എന്നീ സിനിമകൾക്ക് സംഭാഷണം ഒരുക്കിയത് ആദിത്യ ധർ ആയിരുന്നു.
അതേസമയം, ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക് എന്ന ആദ്യ ചിത്രത്തിന് ശേഷം ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധുരന്ദർ. വലിയ വിജയമാണ് ധുരന്ദർ നേടുന്നത്. 1222 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് 831 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒടിടി റൈറ്റ്‌സ് നെറ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്.
Content Highlights: Dhurandhar Director Aditya Dhar thanks Malayali director Priyadashan. He worked as an assistant with Priyadarshan long back. Yesterday Priyadarshan congratulated his disciple on the success of Durandhar and Aditya is replied with a heart touching comment on Priyadarshan's instagram post.