

ഡാക്കു മഹാരാജ് എന്ന സിനിമയിലൂടെ മലയാളികളെ ഉൾപ്പെടെ ഞെട്ടിച്ച സംവിധായകൻ ആണ് ബോബി കൊല്ലി. തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ബോബി ഒരു പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ ചിരഞ്ജീവിക്കൊപ്പം മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള ഒരു സുപ്രധാന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറിയതായാണ് ഡെക്കാൻ ക്രോണിക്കിളിൻ്റെ റിപ്പോർട്ട്. പ്രതിഫലത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സിനിമയിൽ നിന്ന് മോഹൻലാൽ പിന്മാറിയത്. ചിത്രത്തിനായി മോഹൻലാൽ 30 കോടി രൂപ ആവശ്യപ്പെട്ടതായും ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ലാൽ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. നേരത്തെ ചിത്രത്തിൽ മോഹൻലാൽ പ്രതിഫലം വാങ്ങാതെ ആണ് അഭിനയിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ടോക്സിക്, ജനനായകൻ തുടങ്ങിയ സിനിമകളുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമിക്കാൻ ഒരുങ്ങുന്നത്.
അതേസമയം, പാൻ ഇന്ത്യൻ ചിത്രം വൃഷഭ ആണ് മോഹൻലാലിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ സിനിമ. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങിയത്. മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിഎഫ്എക്സിനും മോഹൻലാലിന്റെ പ്രകടനത്തിനും വിമർശനങ്ങൾ ഉയരുന്നുണ്ട്. വളരെ മോശം എഴുത്താണ് സിനിമയുടേതെന്നും സംവിധായകന് മോഹൻലാലിനെ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും കമന്റുകൾ ഉണ്ട്. പല സീനുകളും നാടകത്തെ ഓർമിപ്പിക്കുന്നെന്നും സിനിമയുടെ മലയാളം ഡബ്ബ് നിരാശപ്പെടുത്തിയെന്നുമാണ് അഭിപ്രായങ്ങൾ.

ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏകദേശം 70 കോടി ബജറ്റിലാണ് സിനിമ നിർമിച്ചതെന്നാണ് റിപ്പോർട്ട്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി വൃഷഭ മാറും എന്ന സൂചനകളാണ് കളക്ഷനുകൾ നൽകുന്നത്.
Content Highlights: Mohanlal demanded 30 cores for chiranjeevi film with bobby kolli