കാസർകോടും മറ്റത്തൂർ മോഡൽ; പൈവളികെ പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തു

പൈവളികെ പഞ്ചായത്തിൽ 'മറ്റത്തൂർ മോഡൽ' വോട്ടിങ് വിവാദം

കാസർകോടും മറ്റത്തൂർ മോഡൽ; പൈവളികെ പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തു
dot image

കാസർകോട്: പൈവളികെ പഞ്ചായത്തിൽ 'മറ്റത്തൂർ മോഡൽ' വോട്ടിങ് വിവാദം. പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് തെരഞ്ഞെടുപ്പിലാണ് നാല് യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക്‌ വോട്ട് ചെയ്തത്. ഇതോടെ കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി.

21 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്. യുഡിഎഫ് ഒമ്പത്, എൽഡിഎഫ് ഏഴ്, ബിജെപി അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിനാണ് പഞ്ചായത്ത് ഭരണം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ ഒഴിച്ചുനിർത്തിയാൽ ഏഴ് പേർക്കാണ് മത്സരിക്കാനാകുക. ഇതിനിടെ മറ്റ്‌ മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ബാക്കി വന്ന ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങളെ നിർത്തിയുമില്ല. ഈ കമ്മിറ്റികൾ എൽഡിഎഫ് പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്.

ഏറെ രാഷ്ട്രീയകോളിളക്കം ഉണ്ടാക്കിയ വിവാദമായിരുന്നു മറ്റത്തൂരിലെ കൂറുമാറ്റം. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്. 24 അംഗ പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ടെസിയെ പിന്തുണച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. കൂറുമാറിയ എല്ലാ അംഗങ്ങളെയും കോൺഗ്രസ് പുറത്താക്കിയിരുന്നു. പിന്നീട് വിഷയത്തിൽ സമവായവും ഉണ്ടായിരുന്നു. കെപിസിസിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവെച്ചിരുന്നു.

Content Highlights: udf members voted in favour of bjp at kasargod, controversy erupts

dot image
To advertise here,contact us
dot image