

സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയ രണ്ട് സിനിമകളാണ് ഇന്ത്യൻ 2 വും തഗ് ലൈഫും. തിയേറ്ററിൽ നിന്ന് മോശം പ്രതികരണം നേടിയ ഈ രണ്ട് സിനിമകളും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ രണ്ട് സിനിമകളിലും ദുൽഖർ സൽമാൻ ഒരു പ്രധാന റോൾ ചെയ്യാനിരുന്നു എന്നതാണ് പ്രത്യേകത. എന്നാൽ തുടർന്ന് ഈ സിനിമകൾ നടൻ ഒഴിവാക്കുകയായിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ ദുൽഖർ ഒഴിവാക്കിയ ഒരു ചിത്രം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയാണ് പൊങ്കലിന് പുറത്തിറങ്ങുന്ന സിനിമ. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ആദ്യ പ്രഖ്യാപിച്ചത് സൂര്യയെ നായകനാക്കി ആയിരുന്നു. പുറാനനൂറ് എന്ന് പേരിട്ട സിനിമയിൽ ദുൽഖറും ഒരു പ്രധാന റോളിൽ ഉണ്ടായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ദുൽഖറിന്റെ റോൾ അവതരിപ്പിക്കുന്നത് അഥർവ്വയാണ്. ഇന്ത്യൻ 2 , തഗ് ലൈഫ് എന്നീ ദുൽഖർ ഒഴിവാക്കിയ സിനിമകൾ പരാജയമായത് പോലെ പരാശക്തിയും ബോക്സ് ഓഫീസിൽ കൂപ്പുകുത്തുമോ എന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്.
ജനുവരി 10 ന് പരാശക്തി പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാർത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതൽ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് റെക്കോർഡ് തുകയ്ക്ക് സീ 5 സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. 52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ റിലീസിന് മുന്നേ തന്നെ ശിവകർത്തിയേകൻ ചിത്രം 100 കോടി കളക്ഷൻ നേടി കഴിഞ്ഞു. അമരൻ എന്ന സിനിമയ്ക്ക് ശേഷം ശിവകാർത്തികേയന്റെ താരമൂല്യവും ആരാധകരും ഉയർന്നിരുന്നു. ഈ കാരണം കൊണ്ട് തന്നെ മിനിമം ഗ്യാരന്റി ശിവകാർത്തികേയന്റെ സിനിമകൾക്ക് ഉണ്ട്. സിനിമയുടെ മിനുക്കു പണികൾ അണിയറയിൽ നടന്നു കൊണ്ടിരിക്കുകയാണ്. റെട്രോ മൂഡിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്.
Content Highlights: Dulquer was the first option in Sivakarthikeyan's Parasakthi