

ഏകദേശം ഒരേ കാലയളവില്‍ മലയാള സിനിമയിലേക്ക് കടന്ന് വന്ന രണ്ട് അത്ഭുത പ്രതിഭകളാണ് മമ്മൂട്ടിയും ശ്രീനിവാസനും. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അന്ന് തുടങ്ങിയ ശ്രീനിവാസന്‍-മമ്മൂട്ടി സൗഹൃദം ഇണങ്ങിയും പിണങ്ങിയുമൊക്കെയാണ് മുന്നോട്ട് നീങ്ങിയത്. മമ്മൂട്ടിയുമായുണ്ടായിരുന്ന ആത്മബന്ധത്തിന്‍റേയും ഇടയ്ക്കിടെ വന്നു ചേരാറുണ്ടായിരുന്ന സൗന്ദര്യ പിണക്കങ്ങളേക്കുറിച്ച് ശ്രീനിവാസന്‍ തന്നെ പലപ്പോഴായി പറഞ്ഞുവെച്ചത് നമുക്ക് മുന്നിലുണ്ട്.

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍. ആ ചിത്രത്തിന്‍റെ സെറ്റിലേക്ക് മമ്മൂട്ടി എത്തിയതിനെക്കുറിച്ചും താനുമായി ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ചും കൈരളി ടിവിയുടെ 'ചെറിയ ശ്രീനിയും വലിയ ശ്രീനിയും' എന്ന പരിപാടിയില്‍ വർഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ ഓർത്തെടുക്കുന്നുണ്ട്.
"എംടി തിരക്കഥ എഴുതുന്ന വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനായിട്ടാണ് ഞാന്‍ ഷൊർണ്ണൂർ ഗസ്റ്റ്ഹൗസില്‍ എത്തുന്നത്. അവിടെ ചെന്നപ്പോള്‍ ഒരു സുമുഖനായ ചെറുപ്പക്കാരന്‍ മുന്നോട്ട് വന്ന് എന്നെ കണ്ട ഉടനെ 'ഹലോ മിസ്റ്റർ ശ്രീനിവാസന്‍, നിങ്ങള്‍ മണിമുഴക്കത്തില്‍ അഭിനയിക്കാന്‍ എറണാകുളത്ത് വന്നപ്പോള്‍ ബക്കർ ജിയോട് ചാന്‍സ് ചോദിക്കാന്‍ ഞാനും അവിടെ വന്നിരുന്നു പക്ഷെ ചാന്‍സ് കിട്ടിയില്ല. നിങ്ങളുടെ വീട് പാട്യത്ത് അല്ലേ?. നിങ്ങളുടെ അച്ഛനും അമ്മയുടെ സ്കൂള്‍ അധ്യാപകർ അല്ലേ? മട്ടന്നൂർ എന്‍എസ്എസ് കോളേജില്‍ അല്ലേ നിങ്ങള്‍ പഠിച്ചത്? യൂണിവേഴ്സിറ്റി ലെവലിലൊക്കെ മികച്ച നടന്‍ ആയിട്ടില്ലേ? അന്ന് മദ്രാസിലെ ക്രിസ്ത്യന്‍ ആർട്സിന്‍റെ ഒരു റേഡിയോ നാടകത്തില്‍ നിങ്ങള്‍ അഭിനയിച്ചിട്ടില്ലേ?' എന്നിങ്ങനെ ഒറ്റവീർപ്പില്‍ അയാള്‍ എന്‍റേയും എന്റെ കുടുംബത്തിന്‍റേയും ഫുള്‍ ചരിത്രം പറയുകയാണ്. ഞാന്‍ പോലും മറന്നു പോയ കാര്യങ്ങളാണ്. പിന്നീടാണ് ഞാന്‍ മനസ്സിലാക്കുന്നത് എന്റേത് മാത്രമല്ല, മലയാള സിനിമയിലെ മിക്കവാറും ആളുകളുടെ ചരിത്രം അദ്ദേഹത്തിന് അറിയാം. ഞാന്‍ അയാളെ അന്തംവിട്ടു നോക്കി. അയാള്‍ കൈനീട്ടി, ഞാന്‍ ഷെയ്ക്ക് ഹാന്‍ഡ് ചെയ്തു. എന്നിട്ട് എന്നോട് പറഞ്ഞു. 'എന്‍റെ പേര് മമ്മൂട്ടി, ഞാന്‍ ഇതില്‍ അഭിനയിക്കാന്‍ വന്നതാണ്' - ശ്രീനിവാസന്‍ ഓർത്തെടുക്കുന്നു.
തുടക്കകാലത്ത് ഏതാനും ചിത്രങ്ങളില്‍ മമ്മൂട്ടിക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസന്‍ ആണെന്ന സവിശേഷതയുമുണ്ട്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വിധിച്ചതും കൊതിച്ചതും, ഒരു മാടപ്രാവിന്‍റെ കഥ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടിക്ക് വേണ്ടി ശ്രീനിവാസന്‍ ശബ്ദം നല്‍കിയിരിക്കുന്നത്.
ശ്രീനിവാസന്‍റെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത് പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത 'നന്ദി വീണ്ടും വരിക'എന്ന ചിത്രത്തിലൂടെയാണ്. ഒരു കഥ നുണക്കഥ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഗോളാന്തര വാർത്ത, മഴയെത്തും മുന്‍പെ, അഴകിയ രാവണന്‍, ഒരു മറവത്തൂർ കനവ്, ഭാർഗവ ചരിതം മൂന്നാം ഖണ്ഡം, കഥ പറയുമ്പോള്‍ തുടങ്ങിയ ശ്രീനിവാസന്‍റെ തൂലികയില്‍ പിറന്ന നിരവധി ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചു.