

ഈ വർഷത്തെ മോഹൻലാലിന്റെ അടുത്ത സൂപ്പർഹിറ്റായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. ഇതുവരെ എത്തിയ സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. പ്രേക്ഷകർ കാത്തിരുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയാകും സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
രണ്ടു കാലഘട്ടങ്ങളിലായി പല കഥാപാത്രങ്ങളുടെ യാത്രയും പുനർജന്മത്തിന്റെ കഥയുമാണ് വൃഷഭ പറയുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. യോദ്ധാവായും ബിസിനസ്മാൻ ആയും രണ്ട് കഥാപാത്രങ്ങളായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും സിനിമ സമ്പന്നമാണ് എന്നും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ഡിസംബർ 25 ന് ചിത്രം പുറത്തിറങ്ങും. നേരത്തെ നവംബർ ആറിന് സിനിമ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും. സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു.
ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2025 ൽ ഹിറ്റുകൾ വാരിക്കൂട്ടുന്ന മോഹൻലാലിൻറെ അടുത്ത വിജയമാകുമോ വൃഷഭ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Content Highlights: Mohanlal film Vrusshabha trailer out now