

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച സ്ഥലങ്ങളില്‍ നടന്ന വിജയാഘോഷങ്ങള്‍ക്കെതിരെ ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വിജയം ആഘോഷിക്കേണ്ടത് തന്നെയാണ് പക്ഷെ ആഘോഷങ്ങള്‍ അതിര് വിടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണ് ഷാഫി ചാലിയം പറയുന്നത്. വിമണ്‍സ് കോളേജ് തെരഞ്ഞെടുപ്പ് വിജയം വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് കളിച്ചും കെട്ടിപ്പിടിച്ചും ആഘോഷിക്കുന്നത് പോലെയല്ല പൊതുനിരത്തില്‍ ജെന്‍ഡറുകള്‍ തമ്മില്‍ ഇടപഴകി ഡാന്‍സ് ചെയ്താലുണ്ടാവുക എന്നാണ് ഷാഫി ചാലിയം പറയുന്നത്.
അത് സാമൂഹിക അപചയത്തിന് ഹേതുവാകുമെന്നും മറ്റ് പാര്‍ട്ടി വേദികളില്‍ മുസ്‌ലിം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല, എന്നാല്‍ ലീഗ് വേദിയിലാണെങ്കില്‍ അതിന്റെ സ്വഭാവം മാറുമെന്നും ഷാഫി ചാലിയം പറയുന്നു. ലീഗ് വേദിയില്‍ ആധുനിക പാശ്ചാത്യ ഡിജെ ഡാന്‍സും പാട്ടുമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് കളിക്കുന്നത് കാണുന്നതില്‍ ദുഃഖിക്കുന്ന ഒരു രക്ഷാകര്‍തൃ സമൂഹവും ആദരണീയരായ പണ്ഡിതരും ലീഗിലുണ്ടെന്നും അവരോടുളള ബഹുമാനം മറന്ന് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഷാഫി ചാലിയത്തിന്റെ പ്രതികരണം.
ഷാഫി ചാലിയത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആഘോഷം അതിര് വിടാതിരിക്കട്ടെ
വിജയം ആഘോഷിക്കേണ്ടത് തന്നെയാണ്. ഒരു വിമൺ കോളേജ് തെരഞ്ഞെടുപ്പ് വിജയം വിദ്യാർത്ഥിനികൾ ഡാൻസ് കളിച്ചും കെട്ടിപ്പിടിച്ചും ആഘോഷിക്കുന്ന പോലെയല്ല പൊതു നിരത്തിൽ ജെന്ററുകൾ തമ്മിൽ ഇടപഴുകി ചെയ്താലുണ്ടാവുക. അത് സാമൂഹിക അപചയത്തിന് ഹേതുവാകും. മറ്റ് പാർട്ടികളെ ഓഡിറ്റ് ചെയ്യുന്ന പോലെയല്ല മുസ്ലിംലീഗിനെ. ഇതര പാർട്ടി വേദികളിൽ മുസ്ലിം ആൺ പെൺകൊടിമാർ ഇട കലർന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല. എന്നാൽ ലീഗ് വേദിയിലാണെങ്കിൽ അതിന്റെ സ്വഭാവം മാറും. ആദ്യം അത് മനസ്സിലാക്കേണ്ടത് ലീഗുകാർ തന്നെയാണ്. നമ്മുടെ മഹത്തായ സംസ്കാരങ്ങളും പാരമ്പര്യങ്ങളും മാറ്റി വെച്ച് ആധുനിക പാശ്ചാത്യ ഡീജേ ഡാൻസുകളും അട്ടഹാസിക്കുന്ന പാട്ടുകളും ഇടകലർന്ന നൃത്തങ്ങളുമായി നമ്മുടെ കുട്ടികളെ കാണുന്നതിൽ ദുഃഖിക്കുന്ന ഒരു രക്ഷാകൃത്ത സമൂഹവും ആദരണീയരായ പണ്ഡിതരും നമ്മുടെ പാർട്ടിയിലുണ്ട്. അവരോടുള്ള ബഹുമാനവും അദബും മറന്ന് നമുക്ക് മുന്നോട്ട് പോവാനാവില്ല. ആഘോഷം അതിര് വിടാതിരിക്കാൻ ശ്രദ്ധിക്കുക.
Content Highlights: Cant accept Muslim men and women dancing together at league venues says shafi chaliyam