

തമിഴ് സിനിമയുടെ സൂപ്പർ സ്റ്റാർ ആയി വാഴുമ്പോഴായിരുന്നു അപ്രതീക്ഷിതമായി നടൻ വിജയ് സിനിമ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾ എത്തിയത്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുക എന്നതായിരുന്നു നടന്റെ തീരുമാനം. തമിഴക വെട്രി കഴകമെന്ന പാർട്ടിയ്ക്കും നടൻ രൂപം നൽകി. ജനനായകൻ എന്ന സിനിമയോടുകൂടി വിജയ് അഭിനയ ജീവിത്തതിൽ നിന്ന് വിരമിക്കാൻ തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ നടന്റെ രാഷ്‌ടീയ തീരുമാനത്തിൽ പ്രതികരിക്കുകയാണ് നിർമാതാവും നടന്റെ പിതാവുമായ എസ് എ ചന്ദ്രശേഖർ.
സിനിമയിലൂടെ വിജയ്ക്ക് ഒരുപാട് സമ്പാദിക്കാമായിരുന്നുവെന്നും എന്നാൽ അവൻ അത് വേണ്ടന്ന് വെച്ചത് തമിഴ്നാട്ടിലേ ജനങ്ങളെ സേവിക്കാനാണെന്ന് ചന്ദ്രശേഖർ പറഞ്ഞു. എംജിആറും വിജയ്‌യും തമ്മില്‍ സമാനതകള്‍ ഉണ്ടെന്നും ഇരുവരുടെയും സിനിമകൾ അവരെ രാഷ്ട്രീയത്തിലേക്ക് വരാനായി സ്വാധീനിച്ചിരിക്കാമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്‌സ് നടത്തിയ പരിപാടിയിലായിരുന്നു പ്രതികരണം.
'എന്റെ മകൻ വിജയ്… ജീവിതത്തിൽ പണം മാത്രമല്ല പ്രധാനം. അവന് അഭിനയത്തിലൂടെ എളുപ്പത്തിൽ പണം സമ്പാദിക്കാനാകും. പകരം, അവൻ ചെയ്യാൻ ആഗ്രഹിക്കുന്നത് തമിഴ്‌നാട്ടിലെ ജനങ്ങളെ സേവിക്കുക എന്നതാണ്. ഈ ചിന്ത അവന്റെ മനസിൽ എന്നും ഉണ്ട്, അതിന് നിരവധി കാരണങ്ങളുണ്ടാകാം,' ചന്ദ്രശേഖർ പറഞ്ഞു. വിജയും അന്തരിച്ച നടനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന എംജിആറുമായി സമാനതകൾ ഉണ്ടെന്നും പറയുന്നു. അവർ അഭിനയിച്ച സിനിമകൾ ഇരുവരെയും രാഷ്ട്രീയത്തിലേക്ക് വരാനായി സ്വാധീനിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

മുരുഗദോസിന്റെ ചിത്രങ്ങൾ വിജയെ സ്വാധീനിച്ചിട്ടുണ്ടെന്ന് ചന്ദ്രശേഖർ പറഞ്ഞു.'തിരക്കഥാ വിവരണത്തിനിടെ വിജയ് വികാരഭരിതനായ ഒരേയൊരു സംവിധായകൻ മുരുഗദോസ് മാത്രമാണ്. കരിയറിന്റെ തുടക്കത്തിൽ, കഥകൾ കേൾക്കുമ്പോൾ വിജയ്ക്കൊപ്പം ഞാനും ചേരുമായിരുന്നു. ഒരു വാക്കുപോലും പറയാതെ വിജയ് കഥകൾ എല്ലാം ആസ്വദിക്കുമായിരുന്നു. എന്നാൽ തുപ്പാക്കിയുടെ ആദ്യ വിവരണത്തിനുശേഷം അദ്ദേഹം മുരുഗദോസിനെ കെട്ടിപ്പിടിച്ചു. ആ തിരക്കഥ കാരണമാണ് സിനിമ ഇപ്പോഴും ആരാധകർക്ക് പ്രിയപ്പെട്ട സിനിമയായി നിലനിൽക്കുന്നത്,' ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Content Highlights: Actor Vijay's father SA Chandrasekhar reacted to his political activities