

കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ യുവനടിയെ ആക്രമിച്ച കേസിൽ നിർണായകമായ വഴിത്തിരിവായത് സംവിധായകൻ ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിയിലൂടെ നടത്തിയ വെളിപ്പെടുത്തലുകളായിരുന്നു. പൾസർ സുനിയെ അറിയില്ലെന്ന എട്ടാം പ്രതി ദിലീപിന്റെ മൊഴി കള്ളമാണെന്ന് വ്യക്തമായ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലോടെയായിരുന്നു. കൃത്യം നടത്തിയ പൾസർ സുനി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയെന്നതിന്റെ പ്രധാന സാക്ഷി കൂടിയായി പിന്നീട് ബാലചന്ദ്രകുമാർ മാറി. യാഥാർത്ഥ്യമറിയാവുന്ന തന്നെ ദിലീപ് അപായപ്പെടുത്തുമെന്ന ഭയം അദ്ദേഹം റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച നടിയെ ആക്രമിച്ച കേസിൽ വിധി വരുമ്പോൾ കേസിൽ വലിയ വഴിത്തിരിവിന് ഇടയാക്കിയ മൊഴി നൽകിയ ബാലചന്ദ്രകുമാർ ഇന്ന് നമുക്കൊപ്പമില്ല.

'2014ലാണ് ഒരു സിനിമയുമായി ബന്ധപ്പെട്ട് അതിന്റെ കഥപറയാൻ ദിലീപിനെ സമീപിക്കുന്നത്. 2014 സെപ്തംബർ 15ന് രാത്രി ദിലീപ് വിളിച്ച് കഥ കേൾക്കാൻ തയ്യാറാണെന്ന് പറഞ്ഞു. പിറ്റേദിവസം ആലുവയിലെ വീട്ടിൽ പോയി ദിലീപിനെ കണ്ട് കഥ പറഞ്ഞു. അതിഷ്ടപ്പെട്ടതോടെ ആ സിനിമ നിർമിക്കാനും ദിലീപ് തയ്യാറായി. ഇങ്ങനെ ആരംഭിച്ച സൗഹൃദത്തോടെ ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. ദിലീപിന്റെ വീടിന്റെ പാലുകാച്ചൽ നടന്ന ദിവസം തിരക്കായിരിക്കുമെന്നതിനാൽ പോകേണ്ടെന്ന് വെച്ചു. തൊട്ടടുത്ത ദിവസം അവിടെയെത്തിയപ്പോഴാണ് ആദ്യമായി പൾസർ സുനിയെ കാണുന്നത്. ഭക്ഷണം വാങ്ങാനായി അനൂപിനെ പറഞ്ഞയയ്ക്കുന്നതിനൊപ്പം ബാലുവും കൂടെപൊയ്ക്കോ എന്ന് ദിലീപ് പറഞ്ഞു. പിന്നീട് ദിലീപ് തന്നെയാണ് പൾസർ സുനിയെ ഞങ്ങൾക്കൊപ്പം കാറിൽ പറഞ്ഞയക്കുന്നത്. ഇയാളെ സ്റ്റോപ്പിൽ ഇറക്കിവിട്ടാൽ മതിയെന്നാണ് ദിലീപ് പറഞ്ഞത്. കാറിലിരിക്കെ ദിലീപിന്റെ അനുജനാണ് പൾസർ സുനിയെ തനിക്ക് പരിചയപ്പെടുത്തിയത്. സുനിയെന്ന് അയാൾ സ്വയം പരിചയപ്പെടുത്തിയപ്പോൾ പൾസർ സുനിയെന്ന് തിരുത്തി പറഞ്ഞത് അനൂപാണ്. അന്ന് കൈയിൽ പണവുമായാണ് സുനി മടങ്ങിയത്. ഈ പണവുമായി ബസിൽ യാത്ര ചെയ്താൽ ആരെങ്കിലും മോഷ്ടിക്കുമെന്നടക്കം കാറിലിരുന്ന് അനൂപ് പറഞ്ഞിരുന്നു' എന്നായിരുന്നു റിപ്പോർട്ടർ ടിവിയിലൂടെ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തൽ.
'ദിലീപിന്റെ പല ആവശ്യങ്ങൾക്കും ഒപ്പം പൾസർ സുനി ഉണ്ടായിരുന്നവെന്ന് പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ആരും തുറന്ന് പറയാൻ തയ്യാറല്ല. ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ പൊലീസ് പിടിച്ച പൾസർ സുനിയെ ടിവിയിലൂടെ കണ്ടതിന് പിന്നാലെ ഇക്കാര്യം ദിലീപിനെ വിളിച്ച് അന്വേഷിച്ചപ്പോൾ തനിക്കറിയില്ലെന്ന കളവാണ് ദിലീപ് പറഞ്ഞത്. ഒടുവിൽ കേസിൽ എട്ടാം പ്രതിയായ ദിലീപ് ജയിലഴിക്കുള്ളിലായതിന് പിന്നാലെ തന്നെ കാണണമെന്ന് അറിയച്ചതിനെ തുടർന്ന് അവിടെയെത്തി. പൾസർ സുനിയെ കണ്ടെന്ന് ആരോടും വെളിപ്പെടുത്തരുതെന്ന് അന്ന് ദിലീപ് ആവശ്യപ്പെട്ടു. പൾസർ സുനിയെ കണ്ട കാര്യം താൻ പറയില്ലെന്ന ഉറപ്പു ലഭിക്കുന്നതുവരെ കാവ്യാ മാധവൻ ഭക്ഷണം പോലും കഴിക്കാതെ ഇരുന്നു. ഇക്കാര്യം കാവ്യ തന്നെയാണ് പറഞ്ഞത്. ദിലീപിന്റെ സഹോദരൻ, സഹോദരി ഭർത്താവ് കാവ്യ എന്നിവർ നിരവധി തവണയാണ് പൾസർ സുനിയെ കണ്ട കാര്യം ആരോടും പറയരുതെന്നും അത് ജാമ്യം ലഭിക്കാൻ തടസമാകുമെന്നും പറഞ്ഞ് ഫോൺ വിളിച്ചത്. ഒടുവിൽ ജാമ്യം ലഭിച്ചപ്പോൾ ദിലീപിന്റെ സഹോദരി ഭർത്താവ് ബന്ധപ്പെട്ടിരുന്നു' എന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടി വിയിലൂടെ വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടെ അപായപ്പെടുത്താനുള്ള ഗൂഡാലോചന നടത്തി ജാമ്യം ലഭിച്ച് വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപ് സ്വന്തം വീട്ടിലിരുന്നു കണ്ടു എന്നതടക്കം കേസിൽ നിർണ്ണായകമാകുന്ന വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ റിപ്പോർട്ടറിലൂടെ നടത്തിയത്.
തന്റെ വെളിപ്പെടുത്തലുകൾ സാധൂകരിക്കുന്ന തെളിവുകളും ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയിരുന്നു.

കോടതിക്ക് അകത്തും പുറത്തും പൾസർ സുനിയെ തനിക്കറിയില്ലെന്നായിരുന്നു എട്ടാം പ്രതി ദിലീപിന്റെ വാദം. വെളിപ്പെടുത്തലും തെളിവുകളും പുറത്തുവന്നതോടെ ദിലീപിന്റെ ഈ വാദങ്ങൾ ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു വീഴുന്നതാണ് കേരളം കണ്ടത്. പീഡന ദൃശ്യങ്ങൾ എട്ടാം പ്രതി ദിലീപിന്റെ കൈവശം ഉണ്ടെന്ന് വ്യക്തമാക്കുന്ന നിർണ്ണായക ശബ്ദ രേഖയും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറി. ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിയെ സ്വധീനിക്കാൻ വരെ ദിലീപ് ശ്രമിച്ചെന്ന് വെളിവാക്കുന്ന തെളിവുകളും ബാലചന്ദ്രകുമാർ പങ്കുവെച്ചിരുന്നു. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെ 49 ദിവസമാണ് വിചാരണ കോടതി വിസ്തരിച്ചത്. സാക്ഷി മൊഴികളുടെ വിശ്വാസ്യത തകർക്കാൻ ബാലചന്ദ്രകുമാറിനെതിരെ വ്യാജ പീഡന പരാതി വരെ ഉയർത്തിയിരുന്നു. എന്നാൽ ഒരു സമ്മർദ്ദത്തിനും വശപ്പെടാതെ ബാലചന്ദ്രകുമാർ മുന്നോട്ട് പോയി. ഗുരുതരമായ വൃക്കരോഗം ബാധിച്ച ഘട്ടത്തിലും ബാലചന്ദ്രകുമാർ വിചാരണ നടപടികളുടെ ഭാഗമായിരുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി ലഭിക്കാനായി സധൈര്യം പോരാടിയവരുടെ പട്ടികയിൽ ഏറ്റവും തിളക്കമുള്ള പേരും ബാലചന്ദ്രകുമാറിൻ്റേതാണ്.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎൽഎ ആയിരുന്ന പി ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.

2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ..
Content Highlights: Director Balachandrakumar's relevation on Actress attack case