ഗൂഢാലോചനയുടെ സാധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടി മഞ്ജു വാര്യര്‍; നിര്‍ണായകമായത് ആ പ്രസംഗം

മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ ചെയ്യപ്പെട്ടു. അവരെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകളും വീഡിയോകളും നിറഞ്ഞു. സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജുവിന്റെ ചിത്രങ്ങളില്‍ നിന്നും അഭിനേതാക്കളെ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടന്നു...പക്ഷെ അവര്‍ പതറിയില്ല

ഗൂഢാലോചനയുടെ സാധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടി മഞ്ജു വാര്യര്‍; നിര്‍ണായകമായത് ആ പ്രസംഗം
dot image

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തരിവായ ഒരു പ്രസംഗമുണ്ട്, ആ പ്രസംഗം നടത്തിയത് ഒരു നടിയായിരുന്നു. ഒറ്റ രാത്രിയില്‍, പെട്ടെന്നുണ്ടായ ഏതോ ഒരു കാരണത്താല്‍ നടന്ന അതിക്രമം എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്ന സംഭവത്തിന് പിന്നിലെ ഹീനമായ ഗൂഢാലോചനയെ കുറിച്ചുള്ള ആദ്യ സൂചനകള്‍ കടന്നുവരുന്നത് ആ പ്രസംഗത്തില്‍ നിന്നാണ്. മഞ്ജു വാര്യര്‍ ആയിരുന്നു സധൈര്യം ആ പ്രസംഗം നടത്തിയ നടി.

2017 ഫെബ്രുവരി 17ന് രാത്രിയാണ് നടിക്കെതിരെ അതിക്രമം നടക്കുന്നത്. ഫെബ്രുവരി 19ന് വൈകിട്ട് എറണാകുളം ദര്‍ബാള്‍ ഹാള്‍ ഗ്രൗണ്ടില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒത്തുച്ചേര്‍ന്നിരുന്നു. അവിടെ ഒത്തുകൂടിയവരെല്ലാം അതിജീവിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു, നടിക്കെതിരെ നടന്ന ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലിച്ച് സംസാരിച്ചു, ആ കൂട്ടായ്മയില്‍ വെച്ചാണ് മഞ്ജു വാര്യരും സംസാരിക്കുന്നത്. ഒരുപക്ഷെ ആ വേദിയില്‍ വെച്ച് സംസാരിച്ചതില്‍ ഏറ്റവും നിര്‍ണായകമായ പ്രതികരണം മഞ്ജുവിന്റേതായിരുന്നു. ഈ സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് നടത്തിയവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ സിനിമാപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗം:


'ഇവിടെ ഇരിക്കുന്ന പലരെയും സുരക്ഷിതരായി വീടുകളിലെത്തിച്ച ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുക എന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക. വീടിന് അകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം തിരിച്ചുകിട്ടാനുള്ള അര്‍ഹത സ്ത്രീക്കുണ്ട്. ആ സന്ദേശമാണ് എല്ലാവര്‍ക്കും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്,'

Manju Warrier

ഈ പ്രസംഗത്തില്‍ മാത്രമല്ല, തുടര്‍ന്നങ്ങോട്ടുള്ള വര്‍ഷങ്ങളിലെല്ലാം മഞ്ജു വാര്യര്‍ ശക്തമായി തന്നെയാണ് അതിജീവിതയ്ക്കായി നിലപാടെടുത്തത്. തന്റെ സുഹൃത്തിനും സഹപ്രവര്‍ത്തകയ്ക്കുമൊപ്പം അവര്‍ എക്കാലവും ഉറച്ച് നിന്നു. 2017 ജൂണ്‍ 21നാണ് മഞ്ജു വാര്യര്‍ കേസില്‍ മൊഴി നല്‍കുന്നത്. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞിരുന്നെന്നും ഇത് ദിലീപില്‍ വൈരാഗ്യം ഉണ്ടാക്കിയിരുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ മൊഴി. കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴികള്‍ക്കൊപ്പം മഞ്ജു വാര്യരുടെ മൊഴി കൂടി ചേര്‍ത്താണ് ദിലീപിനെ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായി ചേര്‍ക്കുന്നത്.

ആ സമയത്ത് ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് ശക്തിയേകുന്ന മൊഴികള്‍ സിനിമാരംഗത്തെ മറ്റ് പലരും നല്‍കിയിരുന്നു. പക്ഷെ അവരില്‍ പലരും പൊലീസിന് നല്‍കിയ മൊഴി പിന്നീട് കോടതിയുടെ ഉള്‍ത്തളങ്ങളില്‍ മാറ്റിപ്പറഞ്ഞു. പക്ഷെ മഞ്ജു വാര്യര്‍ വാക്കുകളില്‍ വെള്ളം ചേര്‍ത്തില്ല, ഒന്നും അറിയില്ലെന്ന് പറഞ്ഞില്ല. കേസിന്റെ വിചാരണ വര്‍ഷങ്ങള്‍ കടന്നുപോയപ്പോഴും, പലതവണ അന്വേഷണത്തിന്റെ ഭാഗമായി നിയമവഴികളില്‍ വരേണ്ടി വന്നപ്പോഴും മഞ്ജു വാര്യര്‍ തന്റെ വാക്കുകളില്‍ ഉറച്ചുനിന്നു.

Actor Dileep arrested

2022 ഏപ്രില്‍ എട്ടിന് തുടരന്വേഷണത്തിന്റെ ഭാഗമായി മഞ്ജുവിനെ വീണ്ടും ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരുന്നു. കേസില്‍ പ്രധാനമായ ചില ശബ്ദരേഖകള്‍ ദിലീപിന്റേതാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു അത്. മഞ്ജു അത് കേള്‍ക്കുകയും ദിലീപിന്റേതാണെന്ന് തിരിച്ചറിഞ്ഞ് മൊഴി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് 2023ല്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ സമയത്തും ചില ഡിജിറ്റല്‍ തെളിവുകളിലെ ദിലീപിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനും അന്വേഷണ സംഘം മഞ്ജുവിന്റെ സഹായം തേടിയിരുന്നു.

ഈ നിലപാടുകള്‍ എടുക്കുക എന്നതും അതില്‍ ഉറച്ചുനില്‍ക്കുക എന്നതും മഞ്ജു വാര്യര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. ആ കാലയളവില്‍ വ്യക്തിപരമായും സിനിമാരംഗത്ത് നിന്നും അവര്‍ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു. മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ ചെയ്യപ്പെട്ടു. അവരെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകളും വീഡിയോകളും നിറഞ്ഞു. സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജുവിന്റെ ചിത്രങ്ങളില്‍ നിന്നും അഭിനേതാക്കളെ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. പലതിനും പിന്നില്‍ ദിലീപും സംഘവുമാണെന്ന സംശയങ്ങളുണര്‍ത്തുന്ന ചില തെളിവുകളും അക്കാലത്ത് പുറത്തുവന്നു.

Manju Warrier

എന്നാല്‍, മഞ്ജു വാര്യര്‍ തരിമ്പും പതറിയില്ല. പൊലീസിലും കോടതിയിലും നല്‍കിയ മൊഴികള്‍ മാറ്റിപ്പറഞ്ഞില്ല. അതിജീവിതയ്ക്കൊപ്പമെന്ന നിലപാടില്‍ ഉറച്ച് തന്നെ നിന്നു. ഇപ്പോള്‍ കേസില്‍ ഏറ്റവും നിര്‍ണായകമായ അന്തിമ വിധിയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, മഞ്ജു വാര്യര്‍ എടുത്ത തീരുമാനങ്ങളുടെ പേരില്‍ കൂടിയാകും നാളത്തെ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക എന്ന് നിസംശ്ശയം പറയാം.

Content Highlights: Dileep Actress Case; Manju Warrier's unwavering support to the survivor which became critical in the case

dot image
To advertise here,contact us
dot image