

മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. സിനിമയിൽ വിനായകനെ സജസ്റ്റ് ചെയ്തിരുന്നത് മമ്മൂട്ടിയായിരുന്നു എന്ന വാർത്ത ആരാധകർ ആഘോഷിച്ചതാണ്. വ്യക്തിപരമായ കാര്യങ്ങൾ മാറ്റി നിർത്തിയാൽ വിനായകൻ വളരെ അച്ചടക്കമുള്ള വ്യക്തിയാണെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിനായകൻ ഒരുപാട് കുസൃതി കാണിക്കുമെങ്കിലും ഇയാളുടെ സിനിമ കാണുമ്പോള്‍ വാത്സല്യം തോന്നിപോകുമെന്ന് പറയുകയാണ് മമ്മൂട്ടി.
'സംസാരിക്കാൻ അറിയില്ലെങ്കിലും നന്നായി അഭിനയിക്കാൻ വിനായകന് അറിയാം. ക്ലാസിൽ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികൾ ഉണ്ടാകും. പക്ഷെ കുസൃതി കാണിക്കുന്നവരോട് നമ്മുക്ക് വാത്സല്യം തോന്നും, അങ്ങനത്തെ ഒരു കുസൃതിക്കാരനാണ് വിനായകൻ. വിനായകൻ ഒരുപാട് കുസൃതികൾ കാണിക്കുമെങ്കിലും ഒരു വാത്സല്യം നമ്മുക്ക് എല്ലാവർക്കും ഇയാളുടെ സിനിമ കാണുമ്പോൾ തോന്നും. ഇത് നമ്മൾ അല്ലാതെ കാണുന്ന വിനായകൻ ആണോ എന്ന് തോന്നിപ്പോകും. അല്ലാതെ കാണുന്ന വിനയകനും ഇതിനേക്കാൾ നല്ലതാണ്. ശെരിയ്ക്കും കാണാഞ്ഞിട്ടാണ്,' മമ്മൂട്ടി.
വിനായകന്റെ സിനിമ ജീവിതം എപ്പോഴും ഒരു അത്ഭുതത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത് എന്ന് നേരത്തെ മമ്മൂട്ടി കമ്പനിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞിരുന്നു. 'ആത്മാർത്ഥത, കഠിനധ്വാനം സത്യസന്ധത പ്രധാനമായും ഈ മൂന്ന് കാര്യങ്ങൾ കൊണ്ട് മാത്രമേ ഒരു അഭിനേതാവിന് ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. നമുക്ക് വേണ്ടി അഭിനയിക്കാൻ വേറെ ആരും വരില്ല, നമ്മൾ തന്നെ അഭിനയിക്കണം. അതുകൊണ്ട് തന്നെ നമ്മൾ ജീവിതത്തിൻ ഡെഡിക്കേറ്റഡ് ആയിരിക്കണം അതോടൊപ്പം തന്നെ സിംപിൾ ആയിരിക്കണം. ഇതെല്ലാം ഞാൻ വിനായകനിൽ കണ്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ ജീവിതത്തിൽ വ്യക്തിപരമായ മറ്റനവധി കാര്യങ്ങളുണ്ട് അത് മാറ്റി നിർത്താം. നടനെന്ന നിലയിൽ വളരെ അച്ചടക്കമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെയാണ് അത്രത്തോളം കഥാപാത്രങ്ങൾ അദ്ദേഹത്തിനു വരുന്നതും വളരെ മികച്ചതാക്കി മാറ്റാൻ സാധിക്കുന്നതും. ഏതൊരു അഭിനേതാവായാലും ശരി ഇൻഡസ്ട്രിയിൽ നിലനിൽക്കണമെങ്കിൽ അവർ പെർഫോം ചെയ്ത് പ്രേക്ഷകനെ കൺവിൻസ് ചെയ്യണം. അതു തന്നെയാണ് വിനായകന്റെ ഏറ്റവും വലിയ വിജയവും ഇപ്പോൾ ഇങ്ങനെയൊരു പൊസിഷനിൽ എത്തി നിൽക്കുന്നതിന്റെ രഹസ്യവും' മമ്മൂട്ടി പറഞ്ഞു.


ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.