ഇ ഡി നോട്ടീസ് അസംബന്ധം; മറുപടി നൽകണോ എന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും: തോമസ് ഐസക്

കിഫ്ബി ഭൂമി ഉപയോഗിച്ച് ഊഹക്കച്ചവടം നടത്താന്‍ കഴിയില്ലെന്നും തോമസ് ഐസക്

ഇ ഡി നോട്ടീസ് അസംബന്ധം; മറുപടി നൽകണോ എന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും: തോമസ് ഐസക്
dot image

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചെന്ന് ഡോ. ടി എം തോമസ് ഐസക്. ഇ ഡി നോട്ടീസ് അസംബന്ധമാണ്. നോട്ടീസിന് മറുപടി നല്‍കണോ എന്നകാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ഭൂമി വാങ്ങുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. കിഫ്ബി ഭൂമി ഉപയോഗിച്ച് ഊഹക്കച്ചവടം നടത്താന്‍ കഴിയില്ലെന്നും തോമസ് ഐസക് പറഞ്ഞു. റിപ്പോര്‍ട്ടറിന്റെ ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടിലായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

ഇ ഡി നോട്ടീസില്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാമും പറഞ്ഞു. ഏത് പരിശോധനയ്ക്കും തയ്യാറാണ്. മറയ്ക്കാനും ഒളിക്കാനും ഒന്നുമില്ല. ഫെഫ നിയമം അടക്കം ഒരു നിയമവും തെറ്റിച്ചിട്ടില്ല. മസാല ബോണ്ട് വരുമാനത്തിന്റെ വിഹിതം നിയമപരമായി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട് കേസില്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇ ഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇ ഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഇ ഡി അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇ ഡിയുടെ നിര്‍ണായക നീക്കം. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന്‍ മുഖാന്തിരമോ വിശദീകരണം നല്‍കാവുന്നതാണ്.

Content Highlights- Dr T M Thomas issac reaction over on E D Notice

dot image
To advertise here,contact us
dot image