പ്രണവിന് വമ്പൻ ഹിറ്റ് നൽകി, ഇനി അടുത്ത പടം ലാലേട്ടനൊപ്പമോ?; മറുപടിയുമായി രാഹുൽ സദാശിവൻ

' ലാൽ സാറിനെ വെച്ചും മമ്മൂക്കയെ വെച്ചും സിനിമകൾ ചെയ്യാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും, എനിക്കും ആഗ്രഹമുണ്ട്'

പ്രണവിന് വമ്പൻ ഹിറ്റ് നൽകി, ഇനി അടുത്ത പടം ലാലേട്ടനൊപ്പമോ?; മറുപടിയുമായി രാഹുൽ സദാശിവൻ
dot image

ഡീയസ് ഈറേ, ഭ്രമയുഗം, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് രാഹുൽ സദാശിവൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ഡീയസ് ഈറേ ബോക്സ് ഓഫീസിൽ വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ സിനിമയ്ക്ക് ശേഷം രാഹുൽ മോഹൻലാലുമൊത്ത് ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് രാഹുൽ സദാശിവൻ.

അത്തരം ഒരു കമ്മിറ്റ്മെന്റും താൻ നടത്തിയിട്ടില്ലെന്നും ഭാവിയിൽ മമ്മൂക്കയും ലാൽ സാറുമൊത്ത് ഒരു സിനിമ ചെയ്യാൻ താല്പര്യമുണ്ടെന്നും രാഹുൽ സദാശിവൻ പറഞ്ഞു. 'എവിടന്ന് ആണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് അറിയില്ല. ഞാൻ അങ്ങനെ ഒരു കമ്മിറ്റ്മെന്റും ചെയ്തിട്ടില്ല. ലാൽ സാറിനെ വെച്ചും മമ്മൂക്കയെ വെച്ചും സിനിമകൾ ചെയ്യാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും, എനിക്കും ആഗ്രഹമുണ്ട്. ഞാൻ കഥകൾ എഴുതുന്നതേ ഉള്ളൂ. നിലവിൽ അവരിൽ ആരോടും കഥകൾ പറയുകയോ കമ്മിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല'. ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

ആഗോള ബോക്സ് ഓഫീസിൽ നിന്ന് രണ്ട് ദിവസം കൊണ്ട് 26.22 കോടിയാണ് ഡീയസ് ഈറേയുടെ കളക്ഷൻ. പെയ്ഡ് പ്രീമിയർ ഷോയിൽ നിന്നും 1.93 കോടിയും ആദ്യ ദിവസം 9.77 കോടിയുമാണ് സിനിമ നേടിയത്. 14.52 കോടിയാണ് സിനിമയുടെ രണ്ടാം ദിന വേൾഡ് വൈഡ് കളക്ഷൻ. മൂന്ന് ദിവസങ്ങൾ കൂടി പൂർത്തിയാകുമ്പോൾ സിനിമ 40 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ.

ആദ്യ ദിനം 2.38 ലക്ഷം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റിരിക്കുന്നത്. ഇതോടെ മഞ്ഞുമ്മല്‍ ബോയ്സ്, മാർക്കോ, ലോക, ഹൃദയപൂര്‍വ്വം, സിനിമകളുടെ ഫസ്റ്റ് ഡേ ടിക്കറ്റ് വിൽപ്പനയെ മറികടന്നിരിക്കുകയാണ് 'ഡീയസ് ഈറേ'. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയുടെ ജനപ്രീതി കണക്കിലെടുത്ത് 50 കോടി കളക്ഷൻ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.

Content Highlights: Rahul sadasivan about his next mohanlal film

dot image
To advertise here,contact us
dot image