

പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. എല്ലാ കോണിൽ നിന്നും സിനിമയ്ക്ക് പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്നുള്ള ഒരു ചെറിയ ബിടിഎസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രത്തിലെ ഒരു സീനിനായി പ്രണവ് ഡ്രംസ് വായിക്കുന്നതിന്റെ ബിടിഎസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. 'ചെക്കൻ പുലിയാണ്', സകലകലാവല്ലഭൻ' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. സിനിമയിലെ നടന്റെ പ്രകടനത്തിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് രണ്ട് ദിവസം കൊണ്ട് 26.22 കോടിയാണ് സിനിമയുടെ കളക്ഷൻ. പെയ്ഡ് പ്രീമിയർ ഷോയിൽ നിന്നും 1.93 കോടിയും ആദ്യ ദിവസം 9.77 കോടിയുമാണ് സിനിമ നേടിയത്. 14.52 കോടിയാണ് സിനിമയുടെ രണ്ടാം ദിന വേൾഡ് വൈഡ് കളക്ഷൻ. മൂന്ന് ദിവസങ്ങൾ കൂടി പൂർത്തിയാകുമ്പോൾ സിനിമ 40 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ.
#DiesIrae BTS ft #PranavMohanlal pic.twitter.com/hDFQuIkfYA
— AB George (@AbGeorge_) November 2, 2025
ആദ്യ ദിനം 2.38 ലക്ഷം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റിരിക്കുന്നത്. ഇതോടെ മഞ്ഞുമ്മല്‍ ബോയ്സ്, മാർക്കോ, ലോക, ഹൃദയപൂര്‍വ്വം, സിനിമകളുടെ ഫസ്റ്റ് ഡേ ടിക്കറ്റ് വിൽപ്പനയെ മറികടന്നിരിക്കുകയാണ് 'ഡീയസ് ഈറേ'. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയുടെ ജനപ്രീതി കണക്കിലെടുത്ത് 50 കോടി കളക്ഷൻ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
Content Highlights: Pranav Mohanlal BTS video goes viral