

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവതി(19)യെ തള്ളിയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ പൊലീസ് ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ യുവതിയുടെ സഹയാത്രികനാണെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിനിലുള്ളവര്‍ തന്നെയാണ് പ്രതിയെ പിടികൂടിയത്.
യുവതിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തള്ളിയിട്ടതെന്നാണ് നിഗമനം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്നവരും വ്യക്തമാക്കിയിട്ടുണ്ട്. 20 ഓളം പേര്‍ ജനറല്‍ കമ്പാര്‍ട്‌മെന്റിലുണ്ടായിരിക്കവേയാണ് സംഭവം. തള്ളിയിട്ടതിന് പിന്നാലെ ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില ഗുരുതരമാണ്. ട്രെയിനില്‍ നിന്ന് വീണയുടന്‍ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. അതീവ നിലയിലുള്ള യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. നിലവില്‍ വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആലുവയില്‍ നിന്നാണ് യുവതി ടിക്കറ്റ് എടുത്തിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവതിയെ തള്ളിയിട്ടത്. വര്‍ക്കല അയന്തി ഭാഗത്ത് വെച്ചാണ് സംഭവം.
Content Highlights: Woman pushed from moving train condition of woman critical accused in custody