

സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് മോഹൻലാലും കുടുംബവുമാണ്. ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. 'ഏറ്റവും പ്രധാനപ്പെട്ടവർ ഒരു ഫ്രെയിമിൽ' എന്ന ക്യാപ്ഷനൊപ്പമാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്ന തുടക്കം എന്ന സിനിമയുടെ പൂജ നടന്നിരുന്നു. പ്രണവ് മോഹൻലാലും ഉൾപ്പടെ മലയാളസിനിമയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു. രണം, കിംഗ് ഓഫ് കൊത്ത, തുടരും തുടങ്ങിയ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച ജേക്സ് ബിജോയ് ആണ് തുടക്കത്തിനായി സംഗീതം ഒരുക്കുന്നത്. തുടരും എന്ന സിനിമയ്ക്ക് ശേഷം ജേക്സ് മോഹൻലാലുമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ലോക, ആർഡിഎക്സ്, 2018 തുടങ്ങിയ വമ്പൻ സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച ചമൻ ചാക്കോ ആണ് തുടക്കത്തിന്റെ എഡിറ്റർ.
ജോമോൻ ടി ജോൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അഖിൽ കൃഷ്ണ, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യാനിക് ബെൻ, സ്റ്റണ്ട് സിൽവ എന്നിവരാണ് സിനിമയുടെ സംഘട്ടനത്തിന് പിന്നിൽ. ലോക, ജവാൻ, ഫാമിലി മാൻ തുടങ്ങിയ പ്രോജെക്റ്റുകളിൽ പ്രവർത്തിച്ച ആളാണ് യാനിക് ബെൻ. ചിത്രം 2026 മെയ് ഒന്നിന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
അതേസമയം, പ്രണവ് മോഹൻലാൽ ചിത്രമായ ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. ചിത്രം ആദ്യ ദിനം 5 കോടിക്കടുത്ത് നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്. പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് രാഹുൽ സദാശിവൻ എന്നും ആരാധകർ പറയുന്നുണ്ട്.
പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിലേതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ. പ്രണവിനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയുടെ ജനപ്രീതി കണക്കിലെടുത്ത് 50 കോടി കളക്ഷൻ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
Content Highlights: Mohanlal shares new family pic