

പ്രോഗ്രാമിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യനിലയെക്കുറിച്ച് സുഹൃത്ത്. 60 ദിവസമായി രാജേഷ് കിടക്കയിൽ ആയിട്ടെന്നും രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരമെന്നും സുഹൃത്ത് പ്രതാപ് പറഞ്ഞു. ഫോക്കസ് കുറച്ചു കൂടി ക്ലിയർ ആകേണ്ടതുണ്ടെന്നും കേൾവി ശക്തി വ്യക്തമായതുകൊണ്ട് പലവിധ തെറാപ്പികൾ ചെയ്യാൻ ഡോക്ടർമാർക്ക് ധൈര്യം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജേഷിന്റെ സുഹൃത്ത് പ്രതാപ് ജയലക്ഷ്മിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ കുറിപ്പ് പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വരുന്ന ഈ മെസ്സേജുകൾക്ക്, ഞാൻ ഒരു യാത്രയിൽ ആയിരുന്നതിനാൽ കൃത്യമായി മറുപടി കൊടുക്കാൻ കഴിഞ്ഞില്ല എല്ലാവരോടും ക്ഷമാപണം. എല്ലാ ദിവസവും രൂപേഷിൽ@rupesh.kesav നിന്നു അപ്ഡേറ്റ്സ് കിട്ടുമെങ്കിലും നേരിട്ട് വന്നു കണ്ട് എഴുതുന്നതാണ് അതിന്റെ ഒരു ശരി എന്ന് തോന്നി. 60 ദിവസമായി രാജേഷ് കിടക്കയിലായിട്ട്, വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് ഒരു മാസവും കഴിഞ്ഞിരിക്കുന്നു'.
'ഇവിടെ PMR Department ന്റെ (Physical Medicine and Rehabilitation and Polymyalgia Rheumatica) കീഴിലാണ് ചികിത്സകൾ ഏകോപിക്കുന്നത്. വിവിധ തെറാപ്പികൾ രാജേഷിനെ ചെയ്യിപ്പിക്കുന്ന കാര്യം മുൻപ് സൂചിപ്പിച്ചിരുന്നവങ്കിലും പലതും ഞങ്ങൾ ആദ്യമായി കാണുന്നവയാണ്. സ്‌പീച്ച് തെറാപ്പിയും, ഫിസിയോ തെറാപ്പിയും സാധാരണ നമുക്ക് പരിചിതമായ ഒന്നല്ല. ഒക്യൂപ്പെഷണൽ തെറാപ്പിയും അതിന്റെ സമയവുമെല്ലാം രോഗിയുടെയും കൂടെയുള്ളവരുടെ ക്ഷമയും മാനസ്സികനിലയെയും ചിലപ്പോൾ പരീക്ഷിക്കുന്നവയാണ്. എങ്കിലും മടുപ്പില്ലാതെ ചെയ്യിപ്പിക്കുന്ന ഇവിടുത്തെ തെറാപ്പിസ്റ്റുകളുടെ ആത്മാർത്ഥതയെയും സഹന ശക്തിയെയും മനസ്സ് കൊണ്ട് നമിക്കുന്നു'.
'രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം, ഫോക്കസ് കുറച്ചു കൂടി ക്ലിയർ ആകേണ്ടതുണ്ട്. കേൾവി ശക്തി ഉണ്ടെന്ന് വ്യക്തമായതോടെ പലവിധ തെറാപ്പികൾ ചെയ്യാൻ കൂടുതൽ ധൈര്യം ഡോക്ടർമാർക്ക് വന്നിട്ടുണ്ട്. രാജേഷ് ചിലപ്പോൾ പാതി മയക്കത്തിൽ, ഒരു തെറാപ്പിയും ചെയ്യാതെ മടി പിടിച്ചു കിടക്കുമ്പോൾ കൂടെയുള്ളവരെ അത് വിഷമിപ്പിക്കുന്നുണ്ടെന്നു അവൻ അറിയുന്നുണ്ടാവുമോ? ക്ഷമയോടെ, സാവധാനമാണെങ്കിൽ കൂടിയും പരമാവധി ചികിത്സ നൽകുവാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. രാജേഷിനു ചികിത്സാ സഹായം നൽകിയ ശ്രീ വേണു കുന്നപ്പള്ളിയെപ്പോലെയുള്ള സുമനുസുകളെ നന്ദിയോടെ ഓർക്കുന്നു. അവനു കേൾക്കാൻ വോയിസ് നോട്ടസ് അയക്കുന്നവരോടും ഒത്തിരി സ്നേഹം'.
'ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്, ചികിത്സാ കാലാവധി 6 മാസം വരെ നീണ്ടേക്കാം. അത്ഭുതങ്ങൾ സംഭവിച്ച കഥകൾ കേൾക്കുന്നതും ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. രാജേഷ് അഭിനയിച്ച 'ഇന്നസന്റ്' സിനിമയുടെ റീലീസ് ഡേറ്റും, ധ്യാനോടൊപ്പം അഭിനയിച്ച 'വടക്കൻ തേരോട്ടം' എന്ന മൂവിയുടെ റിലീസ് വാർത്തകളും അടക്കം നിരവധി സിനിമാ വിശേഷങ്ങൾ രാജേഷിനെ അറിയിക്കുന്നുണ്ട്. അത് കേൾക്കുമ്പോഴുള്ള റേസ്പോൺസ് ഏറെ പ്രതീക്ഷ പകരുന്നവയുമാണ്. കിടക്കയിൽ നിന്നു എണീറ്റു, ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന രാജേഷിനായി നമുക്ക് കാത്തിരിക്കാം. അവനോടുള്ള പ്രാർത്ഥനയും സ്നേഹവും എന്നത്തപ്പോലെയും നമുക്ക് തുടരാം', പ്രതാപ് കുറിച്ചു.
Content Highlights: Rajesh Keshav Health update posted by his friend