'ആയിരത്തിൽ ഒരുവൻ 2 സ്ക്രിപ്റ്റ് എഴുതുന്നു'; പുതുപ്പേട്ടൈ 2 ഉണ്ടാകുമോ?, മറുപടിയുമായി സെൽവരാഘവൻ

സെൽവരാഘവൻ വില്ലനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആര്യൻ ഉടൻ തിയേറ്ററുകളിൽ എത്തും.

'ആയിരത്തിൽ ഒരുവൻ 2 സ്ക്രിപ്റ്റ് എഴുതുന്നു'; പുതുപ്പേട്ടൈ 2 ഉണ്ടാകുമോ?, മറുപടിയുമായി സെൽവരാഘവൻ
dot image

സിനിമാപ്രേമികളും പ്രേക്ഷകരും ഏറെ നാളുകളായി കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളെക്കുറിച്ച് പറയുകയാണ് സംവിധായകൻ സെൽവരാഘവൻ. കാർത്തിയെ നായകനാക്കി ഒരുക്കിയ ആയിരത്തിൽ ഒരുവനും ധനുഷ് നായകനായി അഭിനയിച്ച പുതുപ്പേട്ടൈയുടെയും രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ല ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണെന്നും കഥയിൽ ഒരു തൃപ്തി വരുന്നത് വരെ എഴുത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് സെൽവരാഘവൻ ഇക്കാര്യം പറഞ്ഞത്.

'ആയിരത്തിൽ ഒരുവനിൽ പ്രശ്നം ഒന്നുമില്ല, എഴുതിക്കൊണ്ടിരിക്കുന്നു. അതുപോലെ പുതുപ്പേട്ടൈയുടെ സ്ക്രിപ്റ്റ് 50 ശതമാനം പൂർത്തിയായി. രണ്ടു സിനിമകളുടെ കഥയിൽ എനിക്കൊരു തൃപ്തിവരുന്നത് വരെ എഴുതും. കാർത്തിയും ധനുഷും അടുത്ത മൂന്ന് വർഷത്തേക്ക് തിരക്കിലാണ്. എല്ലാം ഒന്ന് ശരിയായി വന്നാൽ പടം ഓൺ ആകും', സെൽവരാഘവൻ പറഞ്ഞു.

അതേസമയം, സെൽവരാഘവൻ വില്ലനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആര്യൻ ഉടൻ തിയേറ്ററുകളിൽ എത്തും. ഒരു പക്കാ ത്രില്ലർ ഇൻവെസ്റ്റിഗേഷൻ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. കുറെ കൊലപാതകങ്ങളും അതിന് പിന്നാലെ പോകുന്ന വിഷ്ണു വിശാലിന്റെ പൊലീസ് കഥാപാത്രവുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസർ റിലീസിന് പിന്നാലെ ഇത് മറ്റൊരു രാക്ഷസൻ ആകുമോ എന്നാണ് പലരും സോഷ്യൽ മീഡിയയിലിലൂടെ ചോദിക്കുന്നത്. ഒക്ടോബർ 31 നാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രവീൺ കെ ആണ് സിനിമ തിരക്കഥയെഴുതി സംവിധനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് സിനിമയിലെ നായിക. ഡിഒപി - ഹരീഷ് കണ്ണൻ, സംഗീതം - ജിബ്രാൻ, എഡിറ്റർ - സാൻ ലോകേഷ്, സ്റ്റണ്ട്സ് - സ്റ്റണ്ട് സിൽവ, പിസി സ്റ്റണ്ട്സ് പ്രഭു.

Content Highlights: selvaraghavan talks about aayirathil oruvan 2 and pudupettai 2

dot image
To advertise here,contact us
dot image