ഓണ്‍ലൈന്‍ ലേലം വഴി ആകർഷക നമ്പർപ്ലേറ്റുകൾ സ്വന്തമാക്കാം; അവസരമൊരുക്കി ദുബായ് ആർടിഎ

നവംബര്‍ മൂന്നിനാണ് ലേലം ആരംഭിക്കുക

ഓണ്‍ലൈന്‍ ലേലം വഴി ആകർഷക നമ്പർപ്ലേറ്റുകൾ സ്വന്തമാക്കാം; അവസരമൊരുക്കി ദുബായ് ആർടിഎ
dot image

ഓണ്‍ലൈന്‍ ലേലത്തിലൂടെ 300 വാഹന നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ലേലത്തിനായുളള രജിസ്‌ട്രേഷന്‍ ഈ മാസം 27ന് ആരംഭിക്കും. ആര്‍ടിഎയുടെ 81-ാമത് ഓണ്‍ലൈന്‍ ലേലമാണ് ഇത്തവണത്തേത്.

വ്യത്യസ്തവും ആകര്‍ഷകവുമായി നമ്പറുകള്‍ സ്വന്തമാക്കാനുളള സുവര്‍ണാവസരമാണ് വാഹന പ്രേമികള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. സി, ഡി, ഇ, എഫ്, ജി, എച്ച് ഒഴിച്ച് ഇസഡ് വരെ സീരീസുകളിലുള്ള ആകര്‍ഷകമായ നമ്പറുകളാണ് ഇത്തവണ ലേലത്തില്‍ അവതരിപ്പിക്കുക. സാധാരണ നമ്പറുകളില്‍ നിന്ന് വ്യത്യസ്തവും വളരെ വേഗത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതുമായ നമ്പറുകളുമാണിത്. മൂന്ന്, നാല്, അഞ്ച് അക്കങ്ങളിലുള്ള പ്രത്യേക നമ്പറുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്കും ക്ലാസിക് വാഹനങ്ങള്‍ക്കുമായി സ്വന്തമാക്കാനാകും.

നവംബര്‍ മൂന്നിനാണ് ലേലം ആരംഭിക്കുക. എന്നാല്‍ ഇതിനായുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 27ന് ആരംഭിക്കും. അഞ്ച് ദിവസം ലേലം നീണ്ടുനില്‍ക്കും. ലേലത്തില്‍ പങ്കെടുക്കുന്നതിനായി 5,000 ദിര്‍ഹത്തിന്റെ സെക്യൂരിറ്റി ചെക്ക് സമര്‍പ്പിക്കണം. ആര്‍ടിഎയുടെ പേരിലാണ് ചെക്ക് നല്‍കേണ്ടത്. ഇതിനുപുറമെ 120 ദിര്‍ഹം പങ്കാളിത്ത ഫീസും അടയ്ക്കണം. ഇത് തിരികെ ലഭിക്കാത്ത തുകയാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായോ, ആര്‍ടിഎ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളില്‍ നേരിട്ടോ തുക അടയ്ക്കാം.

ഉമ്മുറമൂല്‍, അല്‍ ബര്‍ഷ, ദെയ്‌റ എന്നിവിടങ്ങളിലെ സെന്ററുകളില്‍ ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5 ശതമാനം മൂല്യവര്‍ധിത നികുതി ബാധകമായിരിക്കും. ദുബായില്‍ സാധുവായ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമെ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. ലേലം അവസാനിച്ച് 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ നമ്പറുകള്‍ സ്വന്തമാക്കിയവര്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആര്‍ടിഎ അറിയിച്ചു.

Content Highlights: Dubai's RTA is hosting its 81st online license plate auction

dot image
To advertise here,contact us
dot image