

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ബൈക്കിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം നാല് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാഷ്ട്രപതി ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. ശബരിമല സന്ദര്‍ശനത്തിനായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തില്‍ രാഷ്ട്രപതി പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ശിവഗിരിയിലെ ശ്രീനാരായണ ഗുരുസമാധി സമ്മേളനത്തിലും കോട്ടയം പാലാ സെയ്ന്റ് തോമസ് കോളജിന്റെ 75ാം വാര്‍ഷിക സമാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലും രാഷ്ട്രപതി പങ്കെടുത്തു.
പിഎം ശ്രീ വിവാദങ്ങള്‍ നിലനിൽക്കേ സെന്റ് തെരേസാസില്‍ നടന്ന പരിപാടിയില്‍ ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി സംസാരിച്ചു. ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പര്‍ പവറാക്കുകയാണ് എന്‍ഇപിയുടെ ഉദ്ദേശലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. പെണ്‍കുട്ടികളോട് ധീരതയോടെയും വ്യക്തതയോടെയും ജീവിതത്തിലെ തീരുമാനങ്ങള്‍ എടുക്കണമെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
Content Highlights: Bike rider and bike taken into custody after reckless riding incident during President's visit