

യുഎഇയെയും ഒമാനെയും തമ്മിൽ ബന്ധിപ്പിക്കാൻ പുതിയ പുതിയ ചരക്ക് പാത വരുന്നു. യുഎഇയ്ക്കും ഒമാനുമിടയിൽ ചരക്ക് നീക്കത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുക ലക്ഷ്യമിട്ടാണ് പുതിയ റെയിൽപാത കൊണ്ടുവരുന്നത്. ഹഫീത് റെയിലും ലോജിസ്റ്റിക്‌സും തമ്മിലാണ് പുതിയ റെയിൽവെ പാതയ്ക്കുള്ള കരാർ ഒപ്പുവെച്ചിരിക്കുന്നത്. സുഹാർ, അബുദബി മേഖലകളെ ബന്ധിപ്പിച്ചാണ് റെയിൽവേ പാത നിലവിൽ വരുന്നത്.
പ്രതിദിനം ഒരു ട്രെയിനെന്ന നിലയിൽ ആഴ്ചയിൽ ഏഴ് ചരക്കുഗതാഗത ട്രെയിനുകൾ സർവീസ് നടത്തും. കൂടുതൽ അളവിലുള്ള ചരക്കുകൾക്ക് കുറഞ്ഞ ഇന്ധന ഉപയോഗത്തിൽ എത്തിക്കാൻ കഴിയും. ഓരോ ടൺ ചരക്കിനും പുറന്തള്ളുന്ന കാർബണിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ ഇതിന് സാധിക്കുന്നു. റോഡ് വഴിയുള്ള ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് പുതിയ റെയിൽ വഴി ലക്ഷ്യമിടുന്ന മറ്റൊരു കാര്യം. പരിസ്ഥിതി സൗഹൃദമായ ഒരു ഗതാഗത സംവിധാനം ഒരുക്കുവാനും പുതിയ റെയിൽ പാത സഹായിക്കും.
അബുദബിയിൽ നടന്ന ഗ്ലോബൽ റെയിൽ 2025 എക്സിബിഷനിൽ വെച്ചാണ് ഈ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎഇയ്ക്കും ഒമാനും ഇടയിൽ ഒരു പ്രത്യേക ചരക്ക് റെയിൽ ഇടനാഴി ആരംഭിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണിതെന്ന് അധികൃതർ പ്രതികരിച്ചു.
Content Highlights: New UAE-Oman train service announced