

സെൻസർ ബോർഡ് കാരണം ഇപ്പോൾ ഏത് സിനിമയ്ക്കും നല്ല പബ്ലിസിറ്റി കിട്ടുമെന്ന് നടൻ നന്ദു. സെൻസർ ബോർഡ് പറയുന്ന പല കാര്യങ്ങളും നമുക്ക് മനസിലാകുന്നില്ലെന്നും നമ്മുടെ നിയമങ്ങൾ അങ്ങനെയാണ് അല്ലെങ്കിൽ നമ്മൾ അത് തെളിയിക്കണമെന്നും നന്ദു പറഞ്ഞു. പുതുതായി വരുന്ന സിനിമകളിലെ സെൻസർ ബോർഡിന്റെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് നന്ദു ഈ മറുപടി പറഞ്ഞത്. 'ഇത്തിരി നേരം' എന്ന സിനിമയുടെ പ്രൊമോഷൻ ഭാഗമായി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'നല്ലതാ നമ്മുക്കും അങ്ങനെ എന്തെങ്കിലും ചെയ്താൽ കൊള്ളാമെന്നുണ്ട് അതാവുമ്പോൾ പബ്ലിസിറ്റി കിട്ടുമല്ലോ. സെൻസർ ബോർഡ് പറയുന്ന പല കാര്യങ്ങളും നമുക്ക് മനസിലാകുന്നില്ല, പല സിനിമകൾക്ക് ഈ പ്രശ്നം വന്നു പക്ഷേ അങ്ങനെ ഒരു സിനിമ ഉണ്ടെന്ന് കേരളം മുഴുവൻ അറിഞ്ഞു…അതൊരു ഗുണമാണ്. സിനിമയിലെ ചില വാക്കുക്കൾ ഒക്കെ ഒഴിവാക്കേണ്ടത് അവരുടെ നിയമങ്ങളിൽ ഉണ്ട്. നമ്മുടെ നിയമങ്ങൾ അങ്ങനെയാണ് അല്ലെങ്കിൽ നമ്മൾ അത് തെളിയിക്കണം അത് അല്ല ഉദ്ദേശിച്ചത് എന്ന രീതിയിൽ. നിങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്തോളു പക്ഷേ എ സർട്ടിഫിക്കറ്റ് തരു എന്ന് സെൻസർ ബോർഡ് പറഞ്ഞാൽ ഒടിടിയിൽ എടുക്കില്ല', നന്ദു പറഞ്ഞു.
അതേസമയം, സെറിൻ ശിഹാബും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഇത്തിരി നേരം. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത് ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. പൂർണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രത്തിന്റെ ശബ്ദലേഖനം നടത്തിയിരിക്കുന്നത്. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തും.
Content Highlights: Actor Nandhu talks about censor board issues regarding other films