വൈറൽ മീം റീക്രിയേറ്റ് ചെയ്ത് ലാലേട്ടൻ; റിമി ടോമിയും എംജി ശ്രീകുമാറും വീഡിയോ തൂക്കിയെന്ന് കമന്റ്

എംജി ശ്രീകുമാർ, റിമി ടോമി എന്നിവർക്കരികിലേക്ക് എത്തുമ്പോൾ ഉള്ള മോഹൻലാലിന്റെ റിയാക്ഷൻ ആണ് വൈറലാകുന്നത്

വൈറൽ മീം റീക്രിയേറ്റ് ചെയ്ത് ലാലേട്ടൻ; റിമി ടോമിയും എംജി ശ്രീകുമാറും വീഡിയോ തൂക്കിയെന്ന് കമന്റ്
dot image

ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാൽ സലാം' എന്ന പരിപാടി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നിരുന്നു. ഗംഭീര വരവേൽപ്പായിരുന്നു പരിപാടിക്ക് ലഭിച്ചത്. ഈ പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.

സ്റ്റേജിൽ വെച്ച് ഗായകർക്കെല്ലാം കൈകൊടുക്കുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. മൃദുല വാര്യർ, മഞ്ജരി, സുജാത, റിമി ടോമി, എം ജി ശ്രീകുമാർ തുടങ്ങി നിരവധി പേർ സ്റ്റേജിലുണ്ടായിരുന്നു. ഇതിൽ എംജി ശ്രീകുമാർ, റിമി ടോമി എന്നിവർക്കരികിലേക്ക് എത്തുമ്പോൾ ഉള്ള മോഹൻലാലിന്റെ റിയാക്ഷൻ ആണ് വൈറലാകുന്നത്. മോഹൻലാൽ അരികിലേക്ക് എത്തുമ്പോൾ കാല് തൊട്ടു തൊഴാൻ പല തവണ റിമി ടോമി ശ്രമിക്കുന്നതും ഒടുവിൽ മോഹൻലാൽ റിമിയെ ചിരിച്ചുകൊണ്ട് കെട്ടിപിടിക്കുന്നതും വീഡിയോയിൽ ചിരി സൃഷ്ടിക്കുന്നുണ്ട്. ഇതിന് പിന്നാലെ എല്ലാവർക്കും കൈകൊടുത്ത ശേഷം എംജി ശ്രീകുമാറിനെ മോഹൻലാൽ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ഇതോടെ വീഡിയോ റിമിയും എംജി ശ്രീകുമാറും തൂക്കിയെന്നാണ് കമന്റുകൾ. കീ & പീലെ എന്ന പ്രശസ്തമായ മീം ലാലേട്ടൻ റീക്രിയേറ്റ് ചെയ്‌തു എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

പരിപാടിയിലെ മോഹൻലാലിന്റെ പാട്ടും വൈറലായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ടു എന്ന സിനിമയിൽ മോഹൻലാൽ ആലപിച്ച 'കൈതപ്പൂവിൻ' എന്ന ഗാനമാണ് ലാൽ സലാം വേദിയിൽ അദ്ദേഹം വീണ്ടും ആലപിച്ചത്. ഗായിക ജ്യോത്സനയും മോഹൻലാലിനൊപ്പം പാടി. തന്റെ നാട്ടില്‍ വെച്ച് തന്നെ ഇത്രയും ഗംഭീരമായ ഒരു പരിപാടി ഒരുക്കിയതില്‍ മുഖ്യമന്ത്രിയോടും സംസ്ഥാന സര്‍ക്കാരിനോടും നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഫാല്‍ക്കെ സിനിമയ്ക്കായി നടത്തിയ സമര്‍പ്പണം ഏവര്‍ക്കും മാതൃകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദാദാ സാഹിബ് ഫാല്‍ക്കെയില്‍ നിന്ന് ഇന്ത്യന്‍ സിനിമ ഏറെ മുന്നോട്ടുപോയി. അപ്പോഴും സിനിമ എന്ന ആകാശത്ത് തിളങ്ങുന്ന നക്ഷത്രം ആയി അദ്ദേഹം നില്‍ക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

സെപ്തംബര്‍ 23നാണ് മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

Content Highlights: Mohanlal recreates viral meme with rimi tomy and mg sreekumar

dot image
To advertise here,contact us
dot image