

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിൽ ഫിലിംഫെയർ പുരസ്കാര നിശ നടന്നത്. പുരസ്‌കാര ജേതാക്കളും ഒട്ടനവധി താരങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ നിന്നുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഉർവശിയായിരുന്നു മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. നടൻ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേർന്നായിരുന്നു ഉർവശിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചിരുന്നത്.
പുരസ്‌കാരം വാങ്ങി തിരിച്ചിറങ്ങുന്ന ഉർവശിയോട് ഓൺലൈൻ മീഡിയക്കാരൻ ചോദിച്ച ചോദ്യമാണ് ശ്രദ്ധ നേടുന്നത്. ‘ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ’’ എന്നായിരുന്നു ചോദ്യം. ദേഷ്യം കടിച്ചമർത്തി വളരെ മാന്യമായാണ് ഈ ചോദ്യത്തിന് നടി മറുപടി നൽകിയത്.
'അങ്ങനെ അല്ലല്ലോ കാര്യം. അവർ തരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. നമുക്ക് അങ്ങനെയൊന്നും ഇല്ല. നമുക്ക് കിട്ടുന്ന പുരസ്കാരങ്ങൾ എന്ത് തന്നെയായാലും ആ പുരസ്കാരത്തിന് ഒരു വിലയുണ്ട്. പിന്നെ അവാർഡ് തരുന്നവർ അത് എത്ര ഹൃദയപൂർവമാണ് തരുന്നത് എന്നിടത്താണ് കാര്യം. അത് രണ്ടും തുല്യം തന്നെയാണ്. ആർട്ടിസ്റ്റ് ക്യാമറയുടെ മുന്നിൽ വന്നാൽ ആരാണ് വലുതും ചെറുതും. എല്ലാവരും നല്ലോണം പെർഫോം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ,'എന്നാണ് ഉർവശി പറയുന്നത്.
ഉർവശിയുടെ ഈ മറുപടിയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടികളാണ് ലഭിക്കുന്നത്. ‘വാർത്തകൾ വളച്ചൊടിക്കാൻ നോക്കിയ ആ ചേട്ടന് എന്റെ നന്ദി’’ എന്നായിരുന്നു ഈ വിഡിയോയ്ക്ക് താഴെ ഗൗരി കമന്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ ഗൗരി നന്ദ പന്ത്രണ്ട് വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഗൗരി അഭിനയിച്ചിട്ടുണ്ട്.
Content Highlights: Urvashi reacted to online criticism questioning Gauri Nanda’s eligibility to present her with an award. The controversy gained traction on social media, sparking debate over award protocols and public recognition. Urvashi clarified her position and addressed the media narrative surrounding the event.