
2004 ൽ തനിക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ ഇത്തരത്തിൽ സ്വീകരണമൊരുക്കാനും ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നതെന്നും അതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ മലയാളിയുടെയും പ്രതിബിംബമാണ് മോഹൻലാൽ എന്നും ഇനിയും ഒരുപാട് വിജയങ്ങൾ അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്നും അടൂർ ഗോപാലകൃഷ്ണൻ ആശംസിച്ചു. മോഹൻലാലിനെ ആദരിക്കുന്നതിനായി സർക്കാർ സംഘടിപ്പിച്ച 'വാനോളം മലയാളം ലാൽ സലാം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അടൂർ.
'എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം ലഭിച്ചിട്ടില്ല. എന്നാൽ മോഹൻലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും അതിനെ ആദരിക്കുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണ് ഞാൻ. മോഹൻലാലിന് അഭിനയത്തിന് ആദ്യമായി ദേശീയ അവാർഡ് നൽകിയ ജൂറിയുടെ അധ്യക്ഷനായിരുന്നു ഞാൻ. അക്കാര്യത്തിൽ എനിക്ക് വളരെ അഭിമാനമുണ്ട്. രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്. അതിന് നിങ്ങളോടൊപ്പം എനിക്കും സന്തോഷവും അഭിമാനവും ഉണ്ട്.
മോഹൻലാലിനെ സംബന്ധിച്ചെടുത്തോളം ഓരോ മലയാളിക്കും തന്റെ പ്രതിബിംബം ഈ നടനിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ലോകത്തെ എല്ലാ മലയാളിക്കും സ്നേഹപാത്രമായി അദ്ദേഹം മാറിയത്. ഇനിയും ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന അഭിനയ ജീവിതവും കൂടുതൽ വിജയവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു', അടൂരിന്റെ വാക്കുകൾ.
സെപ്തംബർ 23നാണ് മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്. 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. നേരത്തെ അടൂർ ഗോപാലകൃഷണൻ മാത്രമാണ് കേരളത്തിൽ നിന്നും ഈ പുരസ്കാരത്തിന് അർഹനായിട്ടുള്ളത്.
Content Highlights: Adoor gopalakrishnan about Mohanlal