
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് അര്‍ഹനായ മോഹന്‍ലാലിനെ ആദരിക്കാനായി കേരള സര്‍ക്കാര്‍ ഒരുക്കിയ ചടങ്ങില്‍ സംസാരിച്ച് മോഹന്‍ലാല്‍. തന്റെ നാട്ടില്‍ വെച്ച് തന്നെ ഇത്രയും ഗംഭീരമായ ഒരു പരിപാടി ഒരുക്കിയതില്‍ മുഖ്യമന്ത്രിയോടും സംസ്ഥാന സര്‍ക്കാരിനോടും നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ദാദാ സാഹേബ് ഫാല്‍ക്കെയോട് ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കളെല്ലാം കടപ്പെട്ടിരിക്കുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഫാല്‍ക്കെ സിനിമയ്ക്കായി നടത്തിയ സമര്‍പ്പണം ഏവര്‍ക്കും മാതൃകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദാദാ സാഹിബ് ഫാല്‍ക്കെയില്‍ നിന്ന് ഇന്ത്യന്‍ സിനിമ ഏറെ മുന്നോട്ടുപോയി. അപ്പോഴും സിനിമ എന്ന ആകാശത്ത് തിളങ്ങുന്ന നക്ഷത്രം ആയി അദ്ദേഹം നില്‍ക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
' ഏറെ വൈകാരികമായി ആണ് ഈ വേദിയില്‍ നില്‍ക്കുന്നത്. അവാര്‍ഡ് വാങ്ങിയ നിമിഷത്തേക്കാള്‍ വൈകാരികതയോടെയാണ് ഇവിടെ നില്‍ക്കുന്നത്. ഇത് എന്റെ നാടാണ്. 48 വര്‍ഷങ്ങളുടെ നടപ്പാതയിലേക്ക് നോക്കുകയാണ്. സിനിമയെ കുറിച്ച് ഒന്നും അറിയാതെ കുറച്ചു സുഹൃത്തുക്കള്‍ സിനിമയെടുക്കാന്‍ ധൈര്യപ്പെട്ടു എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ഭയം തോന്നുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി സ്‌ക്രീനില്‍ എത്തി.
ഇങ്ങോട്ട് വരുന്നതിന് തൊട്ടുമുന്‍പ് ഞാന്‍ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ദൃശ്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് വന്നത്. ഇങ്ങോട്ട് വരുന്നതിനു മുന്‍പ് താന്‍ ക്യാമറയ്ക്ക് മുന്നിലായിരുന്നു
ദൃശ്യം സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് വന്നത്,' മോഹന്‍ലാല്‍ പറഞ്ഞു.
അഭിനയകാലത്തെ മഹാനദിയായി സങ്കല്‍പ്പിച്ചാല്‍ തീരത്തെ മരച്ചില്ലയില്‍ നിന്നും അതിലേക്ക് വീണ ഇലയാണ് ഞാന്‍ ഒഴുക്കില്‍ മുങ്ങിപ്പോകുമ്പോഴെല്ലാം ആ ഇലയെ പ്രതിഭയുടെ കയ്യൊപ്പുള്ള കൈകള്‍ താങ്ങി എന്നും മോഹന്‍ലാല്‍ കാവ്യത്മകമായി പറഞ്ഞു.
ലാലേട്ടാ എന്ന് ആരാധകര്‍ വിളിക്കുന്നതിനെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. 'ലാലേട്ടാ എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്നു. ഇതുതന്നെയാണോ തന്റെ തൊഴില്‍ എന്നാലോചിക്കുമ്പോള്‍ ലാലേട്ടാ എന്ന വിളി ഓര്‍മ്മ വരും. അഭിനേതാവ് ഒരുപിടി കളിമണ്‍ മാത്രമാണ്
അതിനെ വ്യത്യസ്തമായി രൂപവല്‍ക്കരിക്കാം. അതിനെ ആളുകള്‍ ഇഷ്ടപ്പെടുമ്പോള്‍ ആണ് കലാകാരന്‍ ഉണ്ടാവുന്നത്. ഏത് കലാകാരനെ പോലെയും ഉയര്‍ച്ചയും താഴ്ചയും തനിക്കുണ്ടായിട്ടുണ്ട്
വാനോളം പുകഴ്ത്തുകയും പാതാളത്തോളം പഴിക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് അഭിനയം അനായാസമായുള്ള കാര്യമല്ല. ദൈവമേ എന്ന് മനസ്സില്‍ വിളിച്ചുകൊണ്ട് മാത്രമേ ഇപ്പോഴും പോകാറുള്ളൂ.
ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് പോകുമ്പോള്‍ ദൈവമേ എന്ന് മനസ്സില്‍ വിളിക്കാറുണ്ട്. ആളുകള്‍ക്ക് അനായാസമായി തോന്നുന്നുണ്ടെങ്കില്‍ എനിക്ക് തിരിച്ചറിയാന്‍ കഴിയാത്ത എന്തോ ഒരു ശക്തി കൊണ്ടാണ്. കാണുന്നവര്‍ക്ക് അനായാസമായി അഭിനയിക്കുന്നു എന്ന് തോന്നെങ്കില്‍ അത് തനിക്ക് തിരിച്ചറിയാത്ത ഒരു ശക്തിയാണ്,' മോഹന്‍ലാല്‍ പറഞ്ഞു.
വിധി ഏതൊക്കെ വഴിയിലൂടെയാണ് നടത്തിക്കൊണ്ടുപോകുന്നത് എന്നോര്‍ത്ത് വിസ്മയിച്ചു പോകുന്നു. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Mohanlal's speech at Lal Salaam program at Trivandrum