
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിൽ നന്ദി അറിയിച്ച് നടൻ മോഹൻലാൽ. തനിക്ക് തനിക്ക് അഭിനയം അനായാസമായുള്ള കാര്യമല്ലെന്ന് നടൻ മോഹൻലാൽ. പ്രേക്ഷകർക്ക് തന്റെ അഭിനയം അനായാസമാണെന്ന് തോന്നുന്നെങ്കിൽ അത് ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണെന്നും മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സർക്കാർ ഒരുക്കിയ 'മലയാളം വാനോളം, ലാല്‍സലാം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഏത് കലാകാരനെ പോലെയും ഉയർച്ചയും താഴ്ചയും എനിക്കുണ്ടായിട്ടുണ്ട്. വാനോളം പുകഴ്ത്തുകയും പാതാളത്തോളം പഴിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് അഭിനയം അനായാസമായുള്ള കാര്യമല്ല. ദൈവമേ എന്ന് മനസ്സിൽ വിളിച്ചുകൊണ്ട് മാത്രമേ ഇപ്പോഴും കാമറയ്ക്ക് മുന്നിൽ നിൽക്കാറുള്ളു. ആളുകൾക്ക് അനായാസമായി തോന്നുന്നുണ്ടെങ്കിൽ എനിക്ക് തിരിച്ചറിയാൻ കഴിയാത്ത എന്തോ ഒരു ശക്തിയുടെ അനുഗ്രഹം കൊണ്ടാണ്', മോഹൻലാലിന്റെ വാക്കുകൾ.
സെപ്തംബര്‍ 23നാണ് മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.
'അഭിമാനകരമായ നിമിഷത്തിലാണ് നിൽക്കുന്നത്. മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരം…ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', എന്നാണ് വേദിയിൽവെച്ച് മോഹൻലാൽ പറഞ്ഞത്.
കൂടാതെ, മോഹൻലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിക്കുകയും ചെയ്തു. വേദിയിൽ മോഹൻലാലിന്റെ നാടകമായ കർണഭാരത്തെകുറിച്ച് പരാമർശിച്ച രാഷ്ട്രപതി, മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും പറഞ്ഞു. വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നതെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.
Content Highlights: Mohanlal about Dada Saheb Award