ആദ്യം ഒരുപാട് പ്രാധാന്യമുള്ള റോളായിരുന്നു ആ രജനി ചിത്രത്തിൽ, പിന്നീടത് വെറും കാരിക്കേച്ചർ ആയി മാറി: ഖുശ്‌ബു

'ആ കഥാപാത്രം എന്തിന് വരുന്നു പോകുന്നു എന്ന് പോലും ഒരു ഐഡിയ ഇല്ലാതെയായി'

ആദ്യം ഒരുപാട് പ്രാധാന്യമുള്ള റോളായിരുന്നു ആ രജനി ചിത്രത്തിൽ, പിന്നീടത് വെറും കാരിക്കേച്ചർ ആയി മാറി: ഖുശ്‌ബു
dot image

രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ. മോശം അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ പരാജയമായിരുന്നു നേടിയത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസ്സുതുറക്കുകയാണ് നടി ഖുശ്ബു. ചിത്രത്തിൽ ആദ്യം തന്റെ കഥാപാത്രത്തിന് നല്ല പ്രാധാന്യമുണ്ടായിരുന്നു എന്നും പിന്നീട് അത് വെറുമൊരു കാരിക്കേച്ചർ തരത്തിലേക്ക് മാറിയെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു.

'ആദ്യം ആ സിനിമയിൽ രജനി സാറിന് നായിക ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കഥാപാത്രത്തിന് ഒരുപാട് പ്രാധാന്യം ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ സഹോദരിയെ അന്വേഷിച്ച് രജനി പോകുമ്പോൾ എന്റെയും മീനയുടെയും കഥാപാത്രങ്ങളും ഒപ്പം പോകുന്നുണ്ടായിരുന്നു. സിനിമയിൽ രജനിയുടെ കഥാപാത്രത്തിനെ വൺ സൈഡ് ആയി പ്രണയിക്കുന്ന ഒരു കഥാപാത്രം ഉണ്ടായിരുന്നു. ആ റോളിന് ചെറിയ ഏതെങ്കിലും ആർട്ടിസ്റ്റിനെ വെച്ചാൽ മതിയെന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ വളരെ പെട്ടെന്ന് ഒരു ഹീറോയിൻ വരുകയും ഡ്യുയറ്റ് സോങ് വരുകയും ചെയ്തു. അങ്ങനെ വന്നപ്പോൾ എന്റെ കഥാപാത്രം ഒരു കാരിക്കേച്ചർ ആയി മാറി. ഇന്റെർവെലിന് ശേഷം ആ കഥാപാത്രം ഇല്ലാതെയായി. അങ്ങനെ വന്നപ്പോൾ ആ കഥാപാത്രം എന്തിന് വരുന്നു പോകുന്നു എന്ന് പോലും ഒരു ഐഡിയ ഇല്ലാതെയായി', ഖുശ്ബുവിന്റെ വാക്കുകൾ.

ചിത്രത്തിൽ നയൻ‌താര, മീന, കീർത്തി സുരേഷ്, ജഗപതി ബാബു എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു സിനിമയുടെ നിർമാണം. ഡി ഇമ്മാൻ ആയിരുന്നു സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. രജനികാന്തിന്റെ കരിയറിലെ മോശം സിനിമകളിൽ ഒന്നായിട്ടാണ് അണ്ണാത്തെയെ ആരാധകർ കണക്കാക്കുന്നത്.

Content Highlights: Khushbu talks about her role in Annatthe

dot image
To advertise here,contact us
dot image