
ഒരു സിനിമാ റിലീസ് പോലെ എല്ലാവരും കാത്തിരുന്നതായിരുന്നു സിനിമാതാരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയായ 'ബിയോണ്ട് ദ ഫെയറി.' വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനെത്തുന്നത്. നയന്‍താരയും വിഘ്‌നേഷ് ശിവനും കണ്ടുമുട്ടിയത് നാനും റൗഡി താന്‍ സിനിമയുടെ ലോക്കേഷനില്‍ വച്ചായിരുന്നു. നാനും റൗഡി താന്‍ സിനിമയുടെ പ്രൊഡ്യൂസറായ ധനുഷ് ആ സിനിമയിലെ ക്ലിപ്പുകള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ അനുമതി കൊടുക്കാത്തതിനെ തുടര്‍ന്നാണ് ഡോക്യുമെന്ററി റിലീസ് വൈകാന്‍ കാരണം.
ഇപ്പോഴിതാ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം ചിത്രീകരിക്കുന്നതിനിടെ താനും സംഘവും അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് ഡോക്യുമെൻ്ററി സംവിധായകനായ വിശാല്‍ പഞ്ചാബി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഈ ഡോക്യുമെന്റി ചിത്രീകരണം തങ്ങളെ സംബന്ധിച്ച് ഒരു പോരാട്ടമായിരിന്നുവെന്നാണ് വിശാല്‍ അഭിമുഖത്തില്‍ പറയുന്നത്. 'നാനും റൗഡി താന്‍ ലോക്കേഷനിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഈ ഡോക്യുമെന്ററി അതിന്റെ പൂര്‍ണ്ണതയിലെത്തു. എന്നാല്‍ അതിലെ ദൃശ്യങ്ങള്‍ ഉപോയഗിക്കാന്‍ സാധിക്കാത്തതും മറ്റും തങ്ങളെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിരുന്നു. സിനിമാ ലോക്കേഷനിലെ ഭാഗങ്ങൾ മറ്റൊരു ടീം ചിത്രീകരിച്ചതാണ്. അതില്‍ പലതും ഉപയോഗിക്കാനുള്ള അനുമതിയും ലഭിച്ചില്ല, എങ്കിലും അത് ഞങ്ങള്‍ ചെയ്തു'-വിശാല്‍ പഞ്ചാബ്.
2024 നവംബര്‍ 18നാണ് നെറ്റ്ഫ്‌ളിക്‌സ് നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തത്. ധനുഷ് നിര്‍മിച്ച്, വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുകയും നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാന്‍ ധനുഷിന്റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നയന്‍താരയുടെ മൊബൈലില്‍ പകര്‍ത്തിയ ചില വീഡിയോകള്‍ ഡോക്യുമെന്ററിയില്‍ ചേര്‍ക്കുകയായിരുന്നു.
എന്നാല്‍ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ധനുഷിനെതിരെ നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് സെക്കന്‍ഡ് വരുന്ന ദൃശ്യത്തിന് ധനുഷ് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും നയന്‍താര പറഞ്ഞിരുന്നു.
Content Highlights: Nayanthara-Vignesh wedding ‘was a battle Vishal Punjabi