
ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ലോക. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടിയിലധികം കളക്ഷനാണ് സിനിമ നേടിയത്. ആഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം വെറും ആറ് ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് സക്സസ് മീറ്റിൽ നടൻ ദുൽഖർ പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്.
ലോകയിൽ നിന്ന് കിട്ടിയ 100 കോടി മുഴുവൻ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ളത് എന്നാണ് ദുൽഖർ പറയുന്നത്. ഈ 100 കോടി ഉപയോഗിച്ച് നിർമിക്കാൻ പോകുന്ന അടുത്ത സിനിമ ഏതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദുൽഖർ. 'ഉറപ്പായും ഈ 100 കോടി ലോക രണ്ടാം ഭാഗത്തിന് ഉള്ളതാണ്. ഞങ്ങൾ പൈസ അധികം ചെലവാക്കാറില്ല. ഞങ്ങൾ ഒരുപാട് ബജറ്റ് ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ ഈ പണം എല്ലാം രണ്ടാം ഭാഗത്തേക്ക് പോകും', എന്നാണ് ദുൽഖറിന്റെ വാക്കുകൾ. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. സംവിധായകന്‍ ഡൊമിനിക് അരുണ്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്.
കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
All of the money will go back in the next chapters of lokah.
— Sacaria pothan (@PothanSacaria) September 3, 2025
- Dulquer salmaan#Lokah #KothaLokah pic.twitter.com/oeL9YAbu9D
നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
Content Highlights: Dulquer about lokah second part