
സോഷ്യൽ മീഡിയ ഒരിക്കലും ഒരു ടോക്‌സിക് മേഖലയാണെന്ന് തോന്നിയിട്ടില്ലെന്ന് കല്യാണി പ്രിയദർശൻ. താനൊരു പ്രൈവറ്റ് പേഴ്സൺ ആണെങ്കിലും സോഷ്യൽ മീഡിയ അധികം ഉപയോഗിക്കുന്നില്ലെങ്കിലും പോസിറ്റീവ് സ്പേയ്‌സായിട്ടേ സോഷ്യൽ മീഡിയയെ കണ്ടിട്ടുള്ളുവെന്ന് കല്യാണി പ്രിയദർശൻ പറഞ്ഞു. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ ഒരു പ്രൈവറ്റ് പേഴ്സൺ ആണ്. എന്റെ സഹപ്രവർത്തകരുടെ അത്രയും ഞാൻ ആക്റ്റീവ് അല്ല. ഒരുപാട് കാര്യങ്ങളൊന്നും ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ല. പുതുതായിട്ട് എന്തെങ്കിലും പഠിക്കുകയാണെങ്കിലുമൊക്കെ മാക്‌സിമം ഒച്ചപാടുകൾ ഒന്നും ഉണ്ടാക്കാതെ അത് ഞാൻ ചെയ്യാൻ ശ്രമിക്കും. അതുകൊണ്ട് ആളുകൾക്ക് എന്നെ മുഴുവനായിട്ടും മനസിലാകുമെന്ന് വിശ്വസിച്ചിരുന്നില്ല.
പക്ഷേ ആത്മാർത്ഥമായി പറയുകയാണെങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾ പോലും തിരിച്ചറിയുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. എല്ലാവരും പറയുന്നത് ഇൻ്റർനെറ്റ് ടോക്‌സിക് മേഖലയാണന്നല്ലേ. എനിക്ക് ഇതൊരു പോസിറ്റീവ് സ്പേയ്‌സായിട്ടേ തോന്നിയിട്ടുള്ളു. ഒരു പ്രവശ്യം ഞാൻ എന്നെ പറ്റി ഒരു പോസ്റ്റ് കണ്ടിരുന്നു. 'ഞാൻ മലയാള സിനിമയെ ഒരിക്കലും ഒരു സ്റ്റെപ്പിങ് സ്റ്റോണായിട്ട് കണ്ടിട്ടില്ല. ഇത് എൻ്റെ വീട് തന്നെയാണ്. ഈ ഇൻഡ്‌സ്ട്രിക്ക് അത് തിരിച്ചുകൊടുക്കുന്നതാണ് എൻ്റെ കമ്മിറ്റ്മെൻ്റ് എന്നൊക്കെ പറഞ്ഞിട്ട്.
പിന്നെ ആ പോസ്റ്റിൽ താൻ ഇതിവുനേണ്ടി ഇടുന്ന എഫേർട്ട്സിനെ പറ്റിയും ആ എഫേർട്ടിൽ ഞാൻ കൊടുക്കുന്ന കൺസിസ്റ്റൻസിയെ പറ്റിയമൊക്കെ പറയുന്നുണ്ട്. ഇത് നോർമലി സ്പോർട്ട് ലൈറ്റിൽ വരുന്ന കാര്യങ്ങളല്ല. ഞാൻ അധികം പുറത്ത് പറഞ്ഞിട്ടുമില്ല. അഭിമുഖങ്ങളിൽ ഒരു പക്ഷേ കുറച്ചൊക്കെ പറഞ്ഞിട്ടുണ്ടാകും പക്ഷേ ഞാൻ അധികം ഒന്നിനെ പറ്റിയും സംസാരിച്ചിട്ടില്ല. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരും അത്രയേ ഉള്ളു,' കല്യാണി പ്രിയദർശൻ പറഞ്ഞു.
ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
Content Highlights: Kalyani Priyadarshan says she doesn't feel social media toxic