
ബോക്സ് ഓഫീസിൽ കളക്ഷൻ മുന്നേറ്റവുമായി മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എങ്ങും ലഭിക്കുന്നത്. സിനിമയുടെ തിരക്കഥയ്ക്കും മോഹൻലാലിന്റെ പ്രകടനത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിനോടനുബന്ധിച്ച് സിനിമയിലെ താരങ്ങൾ ഇന്നലെ പ്രേക്ഷകരെ കാണാനായി തിയേറ്ററിൽ എത്തിയിരുന്നു. ഇപ്പോഴിതാ തിയേറ്ററിനുള്ളിൽ വെച്ച് മോഹൻലാൽ വീഡിയോ കോളിൽ എത്തിയതിൻ്റെ വീഡിയോ ആണ് വൈറലാകുന്നത്.
ഹൃദയപൂർവ്വത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സംഗീത് പ്രതാപും മാളവിക മോഹനനും കൊച്ചിയിലെ വനിത വിനീത തിയേറ്ററിൽ എത്തിയിരുന്നു. തിയേറ്ററിനുള്ളിൽ വെച്ച് ഇവർ പ്രേക്ഷകരോട് സംസാരിക്കവെയാണ് മോഹൻലാൽ വീഡിയോ കോളിൽ എത്തിയത്. വലിയ കയ്യടികളോടെയാണ് വീഡിയോ കോളിനെ പ്രേക്ഷകർ വരവേറ്റത്. കഴിഞ്ഞ ദിവസം സിനിമയുടെ വിജയത്തിൽ പ്രേക്ഷകരോട് മോഹൻലാൽ നന്ദി പറഞ്ഞിരുന്നു. "ഹൃദയപൂർവ്വം എന്ന ഈ സിനിമയെ ഹൃദയം കൊണ്ട് സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി" എന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് ലഭിക്കുന്ന നല്ല അഭിപ്രായങ്ങളും സ്നേഹവും തന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ അമേരിക്കയിൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്ന ലാലേട്ടൻ, അവിടുന്ന് തന്നെയാണ് ഈ വീഡിയോ സന്ദേശം പങ്കുവെച്ചത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് അദ്ദേഹം ഓണാശംസകളും നേർന്നു. ഈ ഓണത്തിന് പ്രേക്ഷകർക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ് 'ഹൃദയപൂർവ്വം' എന്ന സിനിമയെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. കുടുംബപ്രേക്ഷകർക്ക് ഒരുമിച്ച് തിയേറ്ററിൽ പോയി ആസ്വദിക്കാൻ പറ്റിയ ഒരു സിനിമയാണ് ഇതെന്നും അഭിപ്രായങ്ങളുണ്ട്.
Thank you for embracing #Hridayapoorvam like your own. This journey is yours as much as ours! #Mohanlal #SathyanAnthikad #AashirvadCinemas #OnamRelease pic.twitter.com/npfSslFdZx
— Aashirvad Cinemas (@aashirvadcine) September 1, 2025
മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 25.01 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ആദ്യ ദിനം 8.42 കോടി നേടി സിനിമയ്ക്ക് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ഹൃദയപൂർവം നേടി. ആദ്യ വീക്കെൻഡ് അവസാനിക്കുമ്പോൾ ചിത്രം 30 കോടിയ്ക്കും മുകളിൽ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. അതേസമയം, ചിത്രം കാണാനെത്തിയ പ്രേക്ഷകരുടെ വീഡിയോകൾ വൈറലാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ തിയേറ്ററിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങൾ. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നാണ് അഭിപ്രായങ്ങൾ.
Content Highlights: mohanlal at video call during hridayapoorvam theatre visit