
ഇന്ത്യൻ സിനിമാപ്രേമികൾ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് കൂലിയും വാർ 2 വും. ഇന്ത്യൻ സിനിമയിലെ മൂന്ന് സൂപ്പർതാരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ രണ്ട് സിനിമകൾക്ക് മേലെയും വലിയ പ്രതീക്ഷയാണുള്ളത്. ഇരു സിനിമകളുടെയും ട്രെയ്‌ലറുകൾക്കും വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രങ്ങളുടെ യുഎസ് ബുക്കിങ്ങിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
രണ്ട് സിനിമകളും ആഗസ്റ്റ് 14 നാണ് റിലീസിനൊരുങ്ങുന്നത്. പുറത്തിറങ്ങാൻ ഇനിയും ഒൻപത് ദിവസങ്ങൾ ബാക്കി നിൽക്കെ യുഎസിൽ ടിക്കറ്റിൽ ബുക്കിങ്ങിൽ വൻ കുതിപ്പാണ് കൂലി നടത്തുന്നത്. നിലവിൽ 1.2 മില്യൺ ഡോളറാണ് ചിത്രം യുഎസിൽ നിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയിരിക്കുന്നത്. അതേസമയം ഹൃത്വിക് ചിത്രമായ വാർ 2 ന് 205K ടിക്കറ്റുകൾ മാത്രമാണ് വിൽക്കാനായത്. ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പാണ് യുഎസിൽ പ്രദർശനത്തിനെത്തുന്നത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവടങ്ങളിലും വാർ 2 വിനേക്കാളും കൂലി തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം വാർ 2 വിനേക്കാൾ വലിയ ഓപ്പണിങ് കൂലി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് വാർ 2 .
മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.
Content Hightights: War 2 and Coolie USA advance booking report