
ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഈ വർഷം അവസാനമായിരിക്കും പുടിൻ്റെ ഇന്ത്യാ സന്ദർശനമെന്നാണ് റിപ്പോർട്ട്. റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചർച്ച നടത്തി. പുടിന്റെ വരവ് സ്ഥിരീകരിച്ച് അജിത് ഡോവൽ പ്രതികരിച്ചതായി ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം സന്ദർശന ദിവസം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
റഷ്യ- ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതായിരിക്കും പുടിന്റെ സന്ദർശനമെന്നും ഇതിൽ സന്തോഷമുണ്ടെന്നും അജിത് ഡോവലിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ തീരുമാനം പുനഃപരിശോധിക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോവൽ റഷ്യ സന്ദർശിച്ചതും പുടിൻ ഇന്ത്യയിലേക്കെത്തുമെന്ന വാർത്ത പുറത്തുവരുന്നതും. പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കയിലേക്ക് പോകുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഇന്ത്യയ്ക്കുമേലുള്ള താരിഫ് അമേരിക്ക 50 ശതമാനമായി വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് നിർണായക നീക്കം എന്നതും ശ്രദ്ധേയമാണ്. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന് മറുപടിയെന്ന നിലയിലായിരുന്നു ട്രംപ് ഭരണകൂടത്തിൻ്റെ തീരുവ ഉയർത്താനുള്ള തീരുമാനം. നേരത്തെ ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യുട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.ഇതിന് പിന്നാലെയാണ് 25 ശതമാനം കൂടി തീരുവ ഇടാക്കുമെന്ന നിലപാട് അമേരിക്കൻ ഭരണകൂടം പ്രഖ്യാപിച്ചത്.
രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് അസിം മുനീറിന്റെ അമേരിക്കൻ സന്ദർശനം. പാക്- അമേരിക്ക ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യ- പാക് സംഘർഷത്തിന് പിന്നാലെയാണ് നേരത്തെ അസിം മുനീർ അമേരിക്കയിലെത്തി ട്രംപിനെ സന്ദർശിച്ചിരുന്നത്. താരിഫ് വർധനയ്ക്ക് പിന്നാലെ ഇന്ത്യ- അമേരിക്ക ബന്ധം ഉലയുന്നുവെന്നതരത്തിലാണ് നയതന്ത്ര ബന്ധം നീങ്ങുന്നത്. ഇതിനിടെയുള്ള പുടിന്റെ ഇന്ത്യൻ സന്ദർശനം നിർണായകമാകും.
Content Highlights: Putin To Visit India This Year As US president Donald Trump Targets Nations Over Russian oil