ബാഡ് ബോയ്‌സ് എടുക്കുമ്പോള്‍ ഒമര്‍ ലുലു ചോദിച്ച എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്:ഷീലു എബ്രഹാം

ഒമര്‍ ലുലുവിന്റെ പരിഹാസ പോസ്റ്റിന് മറുപടി പറഞ്ഞ് ഷീലു എബ്രഹാം

dot image

നിര്‍മാതാവും അഭിനേത്രിയുമായ ഷീലു എബ്രഹാമിനെതിരെ സംവിധായകന്‍ ഒമര്‍ ലുലു സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. നായികയായി എത്തിയ 'രവീന്ദ്ര നീ എവിടെ' എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍, ഒമര്‍ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്‌സ് എന്ന ചിത്രം ഇറങ്ങിയതോടെ വീട് വില്‍ക്കേണ്ടി വന്നു എന്ന് ഷീലു എബ്രഹാം പറഞ്ഞിരുന്നു. ഇത് തമാശയായി പറഞ്ഞതാണെന്നാണ് പൊതുവെ കരുതപ്പെട്ടതെങ്കിലും, പോസ്റ്റിലൂടെ ഒമര്‍ ലുലു പ്രതികരിക്കുയായിരുന്നു.

'ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്ദ കാലമായി മലയാള സിനിമയില്‍ Industrial Hits മാത്രം സമ്മാനിക്കുന്ന അനൂപ് മേനോന്‍ ചേട്ടനും, തന്റെ ഉള്ളിലെ കഴിവ് അഭിനയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ മലയാള സിനിമക്ക് എണ്ണം പറഞ്ഞ നാല് സ്‌ക്രിപ്റ്റുകള്‍ എഴുതി സമ്മാനിച്ച ധ്യാന്‍ സാറും കൂടി മറ്റൊരു Industrial Hit നല്‍കി കൊണ്ട് നായികയും നിര്‍മ്മാതാവുമായ ഷീലു മാഡത്തിന് ബാഡ്‌ബോയിസിലൂടെ നഷ്ടപ്പെട്ടു പോയ അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങള്‍,' എന്നായിരുന്നു ഒമര്‍ ലുലു സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിരുന്നത്. ഈ പോസ്റ്റ് പിന്നീട് ഒമര്‍ പിന്‍വലിച്ചിരുന്നു.

ഇപ്പോള്‍ ഒമര്‍ ലുലുവിന്‍റെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുകയാണ് ഷീലു എബ്രഹാം. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ഷീലുവിന്‍റെ പ്രതികരണം. 'രവീന്ദ്രാ നീ എവിടെ' എന്ന ഞങ്ങളുടെ പുതിയ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നല്‍കിയ ഒരു പ്രമോഷന്‍ ഇന്റര്‍വ്യൂ ആയി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു പരാമര്‍ശം ഉണ്ടാകുന്നത്. ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിനെക്കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നു. ഒമര്‍ പിന്നീട് ആ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. പക്ഷേ സമൂഹ മാധ്യമങ്ങളിലൂടെ അതിന്റെ സ്‌ക്രീന്‍ഷോട്ടുകളെല്ലാം പങ്കുവയ്ക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്‌സ് എന്ന ചിത്രം ഇറങ്ങിയത്. നല്ല ക്വാളിറ്റിയില്‍ എടുത്ത ചിത്രമാണത്. ധാരാളം പണവും ചെലവാക്കി. പക്ഷേ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി. ഇക്കാര്യം ഞാന്‍ അന്നത്തെ ഇന്റര്‍വ്യൂകളില്‍ പറയുകയും ചെയ്തിരുന്നു.

അദ്ദേഹത്തെ സംബന്ധിച്ച് പ്രൊഡ്യൂസര്‍ സൈഡില്‍ നില്‍ക്കേണ്ട കാര്യമില്ല. പ്രൊഡ്യൂസര്‍ എപ്പോഴും ഒറ്റയ്ക്കാണ്. സിനിമ ഇറങ്ങുന്ന സമയം വരെയേ സംവിധായകരും അഭിനേതാക്കളും നമ്മുടെ കൂടെ ഉണ്ടാവുകയുള്ളൂ. സിനിമ വിജയമായാല്‍ അതിന്റെ ഗുണഫലങ്ങള്‍ ഒക്കെ എടുത്തുകൊണ്ട് അവര്‍ പോകും. പരാജയമാണെങ്കില്‍ ഞാന്‍ നിങ്ങളെ അറിയുകയേ ഇല്ല എന്ന ഭാവത്തിലായിരിക്കും.

അതാണ് സിനിമാ മേഖല. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഒമര്‍ ലുലുവിന്റെ പരാമര്‍ശങ്ങള്‍. ഏറ്റവും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കി നിര്‍മ്മിച്ച ചിത്രമാണ് ബാഡ് ബോയ്‌സ്. ഡയറക്ടറോടും നടീനടന്മാരോടും ഒരു കാര്യത്തിനും നോ പറഞ്ഞിട്ടില്ല. ആ സിനിമ പരാജയപ്പോള്‍ അങ്ങനെ ഒരു പോസ്റ്റ് ഇടുക എന്ന് പറഞ്ഞാല്‍ കാര്യം കഴിഞ്ഞാല്‍ നമ്മളെ വിട്ടുകളയും എന്നതിനുള്ള ഉദാഹരണമായിട്ടാണ് തോന്നിയിട്ടുളളത്,' ഷീലു എബ്രഹാം പറഞ്ഞു.

Content Highlights :We provided all the facilities that director Omar Lulu asked for when he directed the film Bad Boys

dot image
To advertise here,contact us
dot image