
ഒമ്പത് വർഷം മുമ്പ് മരിച്ചയാളെ ശിക്ഷിച്ച് ഗുജറാത്ത് ഹൈക്കോടതി. പ്രതി മരിച്ച വിവരം കൃത്യമായി കോടതിയെ അറിയിക്കാത്തതിന് പൊലീസിനും അഭിഭാഷകനും കനത്ത വിമർശനം. 2012ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സെഷൻസ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതി രെയ്ജിഭായ് സോധനെ കുറ്റക്കാരനാണെന്ന് ഈ ജൂലായിൽ ഹൈക്കോടതി വിധിക്കുകയും ചെയ്തു.
കേസ് ഹിയറിംഗ് നടക്കുമ്പോൾ പ്രതി എത്താതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. ശിക്ഷാവിധി വന്നുകഴിഞ്ഞുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് പ്രതി 2016ൽ മരണടഞ്ഞെന്ന വിവരം പുറത്തുവന്നത്. ഇതോടെ അഡിഷ്ണൽ പബ്ലിക്ക് പ്രോസിക്യൂട്ടറെയും പൊലീസിനെയും കടുത്ത ഭാഷയിൽ തന്നെ കോടതി വിമർശിച്ചു. പൊലീസ് കൃത്യസമയത്തിന് മരണ വിവരം പ്രോസിക്യൂട്ടറെ അറിയിക്കാത്തതും പ്രതിയുടെ വിവരങ്ങൾ കൃത്യമായി പിന്തുടരാത്ത പ്രോസിക്യൂട്ടറുടെ ഓഫീസും മൂലം കോടതിയുടെ വിലപ്പെട്ട സമയമാണ് നഷ്ടമായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഖേദ ജില്ലാ പൊലീസ് സൂപ്രണ്ടിനോട് കോടതി നിർദേശിച്ചു.
ഒരു കേസിൽ വാദം അവസാനിക്കുന്നത് വരെ പ്രതിയുടെ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ട ചുമതല പ്രോസിക്യൂഷനുമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇരുവിഭാഗവും തമ്മിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ വന്ന വീഴ്ചയാണ് ഇതിന് കാരണമെന്നും വിലയിരുത്തി. 2012 ഏപ്രിലിൽ ഭാര്യ രുക്മിണി ബെന്നിനെ, പ്രതി ജീവനോടെ തീയിട്ടു കൊന്നുവെന്നാണ് കേസ്. മരണമൊഴിയിൽ ഭർത്താവിൽ നിന്നേറ്റ പീഡനത്തെ കുറിച്ച് രുക്മിണി പറഞ്ഞിരുന്നു. മദ്യം വാങ്ങാൻ ആഭരണങ്ങൾ വേണമെന്ന് പറഞ്ഞായിരുന്നു പ്രതിയുടെ അതിക്രമം. ആഭരണങ്ങൾ നൽകാത്തതിനെ തുടർന്ന് പ്രതി രുക്മിണിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. കേസിൽ സെഷൻസ് കോടതി ഇയാളെ വെറുതെവിട്ടതിന് പിന്നാലെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
Content Highlights: Gujarat High Court convicts accused died nine years ago