
കൊല്ലം: കൊലക്കേസ് പ്രതി അലുവ അതുലും സംഘവും കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജഡ്ജിയുടെ പരാതിയില്‍ കരുനാഗപ്പള്ളി പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു കൊലക്കേസ് പ്രതിയായ അലുവ അതുലും ക്രിമിനല്‍ കേസ് പ്രതികളും ചേര്‍ന്ന് കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരിച്ചത്. ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജഡ്ജി പരാതി നല്‍കുകയായിരുന്നു.
കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയാണ് അലുവ അതുല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാറിനായിരുന്നു അലുവ അതുല്‍ അറസ്റ്റിലാകുന്നത്. ആദ്യം ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ആലുവയില്‍ വാഹനപരിശോധനയ്ക്കിടെ കുഞ്ഞിനെയും ഭാര്യയെയും വഴിയില്‍ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട് തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്.
ഗുണ്ടാനേതാവ് സന്തോഷ് മാര്‍ച്ച് 27നാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് സന്തോഷ് കൊല്ലപ്പെട്ടത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു. കേസില്‍ നേരത്തെ രാജീവ് എന്ന രാജപ്പനുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights- Karunagappally police take case on murder case accused aluva athul reel