
കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയെ മലയാളികൾക്കിടയിൽ ശ്രദ്ധേയനാക്കിയത് മമ്മൂട്ടി നായകനായെത്തിയ ടർബോ എന്ന ചിത്രമാണ്. സിനിമയിൽ വില്ലൻ വേഷത്തിലായിരുന്നു രാജ് ബി ഷെട്ടി എത്തിയിരുന്നത്. ഇപ്പോഴിതാ നടന്റെ 'സു ഫ്രം സോ' എന്ന ചിത്രം തിയേറ്ററുകളിൽ വമ്പൻ കളക്ഷൻ വേട്ട തുടരുകയാണ്. അടുത്തിടെ ദുൽഖർ സൽമാനെ നായകനാക്കി രാജ് ബി ഷെട്ടി ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് നടൻ ഇപ്പോൾ.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി താന്‍ സിനിമ സംവിധാനം ചെയ്യുന്നില്ലെന്നാണ് രാജ് ബി ഷെട്ടി പറയുന്നത്. തനിക്ക് താരങ്ങളെ സംവിധാനം ചെയ്യാന്‍ കഴിയില്ലെന്നും അവരുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കാന്‍ ആവില്ലെന്നും രാജ് ബി ഷെട്ടി പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എനിക്ക് താരങ്ങളെ സംവിധാനം ചെയ്യാന്‍ കഴിയില്ല. കാരണം അവരുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കാന്‍ എനിക്ക് ആവില്ല. അത് എന്നെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. സിനിമ എനിക്ക് വളരെ വ്യക്തിപരമായ ഒന്നാണ്. അത് ആളുകളെയോ അംഗീകാരങ്ങളെയോ കാത്തിരിക്കുന്നതിലേക്ക് മാറുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാകും. അങ്ങനെ വരുമ്പോള്‍ എനിക്ക് പ്രവര്‍ത്തിക്കാനാവില്ല. അതുകൊണ്ട് ഒരു സ്റ്റാറിനെ സംവിധാനം ചെയ്യാന്‍ എനിക്കാകുമെന്ന് ഞാന്‍ കരുതുന്നില്ല. പുതിയ അഭിനേതാക്കളെ ഉള്‍പ്പെടുത്തി ചെറിയ സിനിമ നിര്‍മിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്', രാജ് ബി ഷെട്ടി പറഞ്ഞു.
Content Highlights: Raj B Shetty reacts to doing a film with Dulquer Salmaan