
താരസംഘടനായ A.M.M.A യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടി ശ്വേതാ മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പേരിൽ കേസെടുത്തതിൽ പ്രതികരിച്ച് നടി രഞ്ജിനി. ശ്വേതയ്‌ക്കെതിരായ ഈ ആരോപണം സിനിമയിൽ ഒരു 'പവർ ഗ്രൂപ്പ്' ഉണ്ടെന്നതിന്റെ തെളിവാണെന്ന് രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം സാന്ദ്ര തോമസിനെയും രഞ്ജിനി വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എന്റെ പ്രിയപ്പെട്ട സിനിമാ മേഖലയിൽ എന്താണ് സംഭവിക്കുന്നത്? ശ്വേതയ്‌ക്കെതിരായ ഈ ആരോപണം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം, ഒരു "പവർ-ഗ്രൂപ്പ്" ഉണ്ടെന്ന് വ്യക്തമായി സ്ഥിരീകരിക്കുന്നില്ലേ?. അധികാരം പുരുഷന്മാരില്‍നിന്ന് സ്ത്രീകള്‍ക്ക് കൈമാറാന്‍ 'അമ്മ'യോ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലോ (സാന്ദ്ര) തയ്യാറല്ല. ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്?. വനിതാ രാഷ്ട്രപതിയുള്ള രാജ്യമാണ് നമ്മുടേത്. അതിനാല്‍ സ്ത്രീകള്‍ക്കും അവരുടെ തൊഴിലിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അനുസരിച്ച് ഒരു എന്റർടൈൻമെന്റ് ട്രൈബ്യൂണൽ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും അത് നമ്മുടെ നീതി ന്യായ വ്യവസ്ഥ ഉടന്‍ തന്നെ ശക്തമായി നടപ്പിലാക്കുമെന്നും എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.
ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് ശ്വേതാ മേനോനെതിരെ കേസ് എടുത്തിരിക്കുന്നത്. ശ്വേതാ മേനോൻ അഭിനയിച്ച ചില സിനിമകളും ഒപ്പം ഒരു ഗർഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരൻ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാലിപ്പോൾ ഈ പരാതിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്.
അതേസമയം, കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ച നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ നോമിനേഷൻ കഴിഞ്ഞ ദിവസം സംഘടന തള്ളിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ എങ്കിലും നിർമിക്കണം എന്ന കാരണം കാണിച്ചാണ് സംഘടന സാന്ദ്രയുടെ നോമിനേഷൻ തള്ളിയത്. ഇതിനെ സാന്ദ്ര ചോദ്യം ചെയ്യുകയും നിയമപരമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിരുന്നു.
Content Highlights: Ranjini about Shwetha Menon case