'മകന്റെ സ്വഭാവത്തിൽ മാറ്റം, വീട്ടിലാകെ വിചിത്രമായ സംഭവങ്ങൾ'; ഭയന്നതോടെ ലബുബു പാവ കത്തിച്ചെന്ന് ഭാരതി സിങ്

ആ പാവയെ കാണുമ്പോൾ തന്നെ പേടി തോന്നുമെന്ന് പലരും പറയാറുണ്ട്. ബാഗിൽ തൂക്കിയിട്ട് വഴിയിലൂടെ പോകുമ്പോൾ അപരിചിതർ പോലും ഇതെന്താണെന്ന് ചോദിക്കാറുണ്ടെന്നും ഭാരതി വ്‌ളോഗിൽ പറയുന്നു

dot image

കൊമേഡിയനും ടിവി അവതാരകയുമായ ഭാരതി സിങ് തന്റെ മകന്റെ ലബുബു പാവ കത്തിച്ചതിനെ കുറിച്ച് വിവരിക്കുന്ന യൂട്യൂബ് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ലോക പ്രശസ്തമാണ് ലബുബു പാവകൾ. ആഴ്ചകൾക്ക് മുമ്പാണ് ബോളിവുഡ് താരം ഉർവശി റൗട്ടേല വിംബിൾഡൺ മത്സരത്തിനെത്തിയപ്പോൾ ലബുബു പാവകൾ ബാഗിൽ തൂക്കിയിട്ടുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ പാവയാണ് ലബുബു.

ലബുബു ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചതോടെയാണ് തന്റെ ഭർത്താവ് മകന് പാവ സമ്മാനിച്ചതെന്ന് വ്‌ളോഗിൽ ഭാരതി പറയുന്നു. മകൻ ഗോല്ലയ്ക്ക് പ്രിയപ്പെട്ട കളിപ്പാട്ടമായി അത് മാറി. പക്ഷേ അവസാനം തനിക്ക് ആ പാവ കത്തിക്കേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. ഈ പാവകൾ നെഗറ്റീവ് ഊർജം വഹിക്കുന്നവയാണെന്നും ഇതിന് പിശാചുകളുമായി ബന്ധമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചില പ്രചരണങ്ങൾ കണ്ടതോടെയാണ് ഇത് കത്തിച്ചു കളയേണ്ടി വന്നതെന്നാണ് ഭാരതി പറയുന്നുണ്ട്. ഇതിന് അടിസ്ഥാനമായത് മകന്റെ സ്വാഭാവത്തിലുള്ള മാറ്റവും വീട്ടിൽ സംഭവിക്കുന്ന ചില വിചിത്രമായ സംഭവങ്ങളാണെന്നും ഭാരതി വിവരിക്കുന്നു.

ലബുബു വീട്ടിൽ വന്നത് തന്നെ ശുഭമല്ലാതെ തോന്നി, വീട്ടിലാകെ ഒരു അനാവശ്യമായ ഊർജം തങ്ങി നിൽക്കുന്നതുപോലൊരു തോന്നൽ. മാത്രമല്ല മകൻ അലറാനും സാധനങ്ങൾ വലിച്ചെറിയാനും അനുസരണ ഇല്ലാതെ പെരുമാറാനുമൊക്കെ തുടങ്ങി. ആദ്യം ഇതെല്ലാം ചിരിച്ച് തള്ളിയെങ്കിലും വീണ്ടും ഇത്തരം രീതികൾ ആവർത്തിച്ചതോടെ വീട്ടിലുള്ളവരും സംശയിച്ചത് പാവകളെയാണെന്ന് ഭാരതി പറയുന്നു. ഇത് ചെകുത്താന്റെ രൂപമാണെന്ന് പോലും വീട്ടിലുള്ളവർ പറയാൻ തുടങ്ങി. ഇതോടെ ഭാരതി പാവ കത്തിക്കാൻ തീരുമാനിച്ചു. പക്ഷേ എത്ര തവണ ശ്രമിച്ചിട്ടും ആദ്യം പാവയിൽ തീപിടിച്ചില്ല, ഇതോടെ അതിനുള്ളിലെ പൈശാചിക ശക്തി തീപിടിക്കുന്നത് പ്രതിരോധിക്കുകയാണെന്ന് ഭർത്താവ് പരിഹസിച്ചെന്ന് ഭാരതി പറയുന്നു.

പാവ കത്തിച്ച ശേഷമാണ് തനിക്ക് ആശ്വാസമായത്. നന്മ മാത്രമേ എന്നും വിജയിക്കുകയുള്ളു. അതേസമയം പാവ കത്തിച്ചതിൽ മകന് ഭയങ്കര വിഷമമായിരുന്നുവെന്നും കത്തിക്കുന്നത് തടയാൻ അവൻ ശ്രമിച്ചെന്നും താരം പറഞ്ഞു. ചിലപ്പോൾ ഞാൻ എടുത്തുചാടി പ്രവർത്തിച്ചതാകാം, പക്ഷേ എനിക്ക് റിസ്‌ക്ക് എടുക്കാൻ കഴിയില്ലായിരുന്നു.. ആ പാവയെ കാണുമ്പോൾ തന്നെ പേടി തോന്നുമെന്ന് പലരും പറയാറുണ്ട്. ബാഗിൽ തൂക്കിയിട്ട് വഴിയിലൂടെ പോകുമ്പോൾ അപരിചിതർ പോലും ഇതെന്താണെന്ന് ചോദിക്കാറുണ്ടെന്നും ഭാരതി വ്‌ളോഗിൽ പറയുന്നു.

Content Highlights: Bharti Singh about burning her son's Labubu doll

dot image
To advertise here,contact us
dot image