
ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ പുറത്തിറങ്ങും.
രാവിലെ 10.08 ന് ട്രെയ്‌ലർ പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. മൂന്ന് മിനിട്ടോളമുള്ള ട്രെയ്‌ലർ ആണ് പുറത്തുവരുന്നത്. ട്രെയ്‌ലർ പുറത്തിറങ്ങുന്നതോടെ സിനിമയുടെ ഹൈപ്പ് വർധിക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ആറ് ആക്ഷൻ സീനുകളും രണ്ട് ഗാനങ്ങളും ഉൾപ്പെടുന്നതാണ് സിനിമ. ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിലുള്ള എല്ലാ ചേരുവകകളും കൊണ്ട് നിറഞ്ഞതാണെന്നും ബോളിവുഡ് ട്രാക്കർമാർ പറയുന്നു. അതേസമയം സിനിമയുടെ നേരത്തെ പുറത്തുവന്ന ടീസറിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ഈ സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് പ്രേക്ഷകരുടെ കമന്റ്. മൗണ്ടെൻ ഡ്യൂ പരസ്യം പോലെയാണ് ടീസർ ഉള്ളതെന്നും അഭിപ്രായങ്ങളുണ്ട്.
2 icons of Indian cinema… One EPIC WAR! 🔥
— Yash Raj Films (@yrf) July 24, 2025
The trailer of our big-screen action spectacle #War2 unleashes TOMORROW.#War2 releasing in Hindi, Telugu & Tamil on August 14th in cinemas worldwide! @iHrithik | @tarak9999 | @advani_kiara | #AyanMukerji | #YRFSpyUniverse pic.twitter.com/MgKtr508N6
ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.
Content Highlights: War 2 trailer from tomorrow