
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി റിലീസിനൊരുങ്ങുകയാണ്. വലിയ പ്രതീക്ഷയോടെയാണ് രജനി ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. എന്നാൽ കൂലിയ്ക്ക് മുൻപ് രജനികാന്തിനെ വില്ലനാക്കി മറ്റൊരു കഥ ആലോച്ചിരുന്നെന്ന് ലോകേഷ് പറയുന്നു. രജനികാന്ത് യെസ് പറഞ്ഞ കഥ പിന്നീട് താൻ ഉപേക്ഷിക്കുകയായിരുന്നെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു.
'രജനി സാറിനെ വെച്ച് മറ്റൊരു കഥ ഞാൻ ആലോചിരിച്ചിരുന്നു. അതൊരു ഫാന്റസി ഴോണറിലുള്ള സിനിമയായിരുന്നു. രജനി സാർ ആയിരുന്നു ആ കഥയിലെ വില്ലൻ. നായകനായി ഞാൻ മറ്റൊരാളെ അന്വേഷിച്ചിരുന്നു. രജനി സാറിന് ആ കഥ ഇഷ്ടമാകുകയും യെസ് പറയുകയും ചെയ്തിരുന്നു. ആ സിനിമയുടെ പ്രീ പ്രൊഡക്ഷന് തന്നെ രണ്ട് വർഷത്തോളം വേണ്ടി വരുന്നതിനാൽ ഞാൻ ആ കഥ മാറ്റിവെച്ചു. രജനി സാറിന്റെ പീക്ക് ടൈം വേസ്റ്റ് ചെയ്യേണ്ട എന്ന് എനിക്ക് തോന്നി. മാത്രമല്ല ഞാനും ആ സമയം കുറച്ച് പേർസണൽ പ്രശ്നങ്ങളിലൂടെ കടന്നു പോകുകയായിരുന്നു', ലോകേഷ് പറഞ്ഞു.
അതേസമയം, കൂലി ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
"Script i wrote for #Rajinikanth sir before #Coolie, was he will be doing VILLAIN role & other actor will be Hero😲. It's a huge Fantasy film, which requires artists & 2 yrs pre production. I don't want to waste Rajini sir's peak time🤝"
— AmuthaBharathi (@CinemaWithAB) July 24, 2025
- #LokeshKanagarajpic.twitter.com/pm3fhtSSqq
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Lokesh says he planned another film with Rajinikanth before coolie