
ബിഗ് ബജറ്റ് സിനിമകൾക്കെതിരെ വിമർശനവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. 500 കോടിയോളം മുടക്കി എടുക്കുന്ന പല സിനിമകളും കാഴ്ചക്കാരെ പറ്റിക്കാൻ ഊതിപ്പെരുപ്പിക്കുന്നതാണെന്ന് അടൂർ ഗോപലകൃഷ്ണൻ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ഒരു സിനിമ വലിയ പരസ്യം കൊടുത്ത് ഇറങ്ങിയത് കൊണ്ട് മാത്രമാണ് വിജയിച്ചതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
'500 കോടി മുടക്കിയ സിനിമകൾ പുറത്തിറങ്ങുമ്പോൾ സ്വാഭാവികമായും അത് മികച്ച സിനിമയാണെന്ന് ആളുകൾ കരുതും. പക്ഷെ ഈ 500 കോടി വേണ്ടാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതും കാഴ്ച്ചക്കാരായ നമ്മെ പറ്റിക്കാൻ ഊതിപെരുപ്പിക്കുന്നതാണ്. ഈ അടുത്ത് ഇറങ്ങിയ ഒരു പടത്തിന്റെ പരസ്യം പത്രത്തിൻ്റെ ഫ്രണ്ട് പേജിൽ അടക്കം വന്നിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് ആ പടം ഓടി. സിനിമ കണ്ട് ഒരാൾ പോലും നല്ല അഭിപ്രായം പറഞ്ഞില്ല', അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ.
സിനിമകളുടെ നിർമ്മാണച്ചെലവ് അമിതമായി കൂടുന്നതിനെക്കുറിച്ച് മുൻപ് പലരും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വമ്പൻ ബജറ്റിൽ ഇറങ്ങുന്ന പല സിനിമകളുടെയും യഥാർത്ഥ കണക്കുകൾ പെരുപ്പിച്ച് കാണിച്ച് സിനിമയെ പ്രൊമോട്ട് ചെയ്യുകയാണ് നിർമാതാക്കൾ ചെയ്യുന്നതെന്നും കമന്റുകൾ ഉയർന്നിരുന്നു. ഇത്തരത്തിൽ വലിയ ബജറ്റിൽ പുറത്തിറങ്ങുന്ന പല സിനിമകളും തിരക്കഥയിലെ പാളിച്ചകൾ കൊണ്ട് ബോക്സ് ഓഫീസിൽ തകർന്ന് വീഴുന്ന കാഴ്ചയാണുണ്ടാകുന്നത്.
Content Highlights: Adoor gopalakrishnan criticises big budjet films