ഇന്നലെ പരസ്യത്തിലൂടെ ഞെട്ടിച്ചു, ഇന്നിതാ ടീസറും മീശപിരിച്ചുള്ള ലുക്കും; സോഷ്യൽ മീഡിയ ആകെ മോഹൻലാൽ മയമാണ്

സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്

dot image

സോഷ്യൽ മീഡിയ ആകെ നിറഞ്ഞ് നിൽക്കുന്നത് മോഹൻലാൽ ആണ്. പ്രകാശ് വർമയുടെ സംവിധാനത്തിൽ ഇന്നലെ പുറത്തിറങ്ങിയ മോഹൻലാലിന്റെ ഒരു പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയെ ആകെ ഇളക്കി മറിച്ചിരിക്കുകയാണ്‌. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ ഈ പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് പരസ്യത്തിന് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ഇന്ന് സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിന്റെ ടീസറിലൂടെയാണ് മോഹൻലാൽ വീണ്ടും ട്രെൻഡിങ്ങിലാകുന്നത്.

മോഹൻലാലിന്റെ സ്ത്രൈണ ഭാവത്തിന് മികച്ച കയ്യടികളാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്. ഇദ്ദേഹം ഏത് വേഷത്തിൽ വന്നാലും അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ പറയുന്നത്. പ്രകാശ് വർമയുടെ സംവിധാനവും കോൺസെപ്റ്റും ഒരുപോലെ പ്രശംസിക്കപ്പെടുന്നുണ്ട്. സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതുന്ന ഇത്തരം വിഷയങ്ങളിൽ മോഹൻലാൽ എത്തുന്നതിലുള്ള സന്തോഷവും ആരാധകർ പങ്കിടുകയാണ്. പല സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പടെയുള്ളവർ മോഹൻലാലിന്റെ ഈ പരസ്യത്തിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നുണ്ട്.

ഇപ്പോഴിതാ ഇതിന് പിന്നാലെ ഹൃദയപൂർവ്വം ടീസറും വൈറലാകുന്നുണ്ട്. സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. ടീസറിലെ മോഹൻലാലിന്റെ എക്സ്പ്രഷനുകളും ലുക്കുമെല്ലാം ഇതിനോടകം ചർച്ചയാകുന്നുണ്ട്. ഓണം മോഹൻലാൽ തൂക്കുമെന്നാണ് കമന്റുകൾ.

ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ഇതിനെല്ലാം ഒപ്പം മീശപിരിച്ച് നിൽക്കുന്ന മോഹൻലാലിന്റെ ഒരു ചിത്രവും വൈറലാകുന്നുണ്ട്. 'ഭഭബ' എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ലുക്ക് ആണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തായാലും മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക നടൻ നൽകികൊണ്ടിരിക്കുകയാണ്.

Content Highlights: Mohanlal going viral on social media

dot image
To advertise here,contact us
dot image