
ഇന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ് കാന്താരയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ 1-നായി. ചിത്രീകരണത്തിനിടെ സിനിമയ്ക്ക് നേരെ ഒഴിയാതെ വിവാദങ്ങൾ പിന്തുടർന്നതിനാൽ റിലീസ് വൈകുമെന്ന ആശങ്ക ആരാധകരിൽ ഉണ്ടായിരുന്നു. എന്നാൽ അണിയറപ്രവർത്തകർ നേരെത്തെ പ്രഖ്യാപിച്ച തീയതിയിൽ തന്നെ ചിത്രം തിയേറ്ററിൽ എത്തും. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ച് അണിയറപ്രവത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വർഷം ഒക്ടോബർ 2 ന് ആഗോള റിലീസായി സിനിമ എത്തുകയാണ്.
അതേസമയം, ഒന്നിന് പുറകെ ഒന്നായി സിനിമയെ വിട്ടുപിരിയാതെ ദുരന്തങ്ങൾ പിന്തുടർന്നിരുന്നു. മൂന്ന് മരണം സിനിമയുടെ ഭാഗമായി പ്രവർത്തിച്ചവർക്ക് ഉണ്ടായി. അടുത്തിടെ ഒരു ബോട്ട് അപകടവും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ സിനിമയുടെ റിലീസ് വൈകുമെന്ന അഭ്യൂഹങ്ങൾ പരന്നു.
2022 ലാണ് റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ 'കാന്താര' ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു.
ഈ സിനിമയുടെ പ്രീക്വലായാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. 150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ നടൻ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.
Content Highlights: Kantara Chapter 1 release date announced