

ആലപ്പുഴ: പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരൻ. 63 വർഷത്തിന് ശേഷമാണ് ജി സുധാകരൻ മെമ്പർഷിപ്പ് ഇല്ലാതെയിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറി അടക്കം നേരിട്ടുകണ്ടിട്ടും സുധാകരൻ മെമ്പർഷിപ്പ് പുതുക്കാൻ തയ്യാറായില്ല.
സിപിഐഎം ജില്ലാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമാണ് ജി സുധാകരൻ. ജില്ലാ കമ്മിറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് സുധാകരൻ അംഗമായിരുന്നത്. സുധാകരൻ ഒഴികെയുള്ള 18 അംഗങ്ങളിൽ 17 പേരും ജില്ലാകമ്മറ്റിക്ക് അംഗത്വ ഫോം പൂരിപ്പിച്ച് നൽകി. സുധാകരൻ പുതുക്കാതെ വന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറി നേരിട്ട് വീട്ടിലെത്തി. ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ അംഗത്വം ആവശ്യമില്ല എന്നായിരുന്നു സുധാകരന്റെ അപ്പോഴത്തെ മറുപടി.
സ്ഥാനാർത്ഥിത്വത്തെപ്പറ്റി എം വി ഗോവിന്ദൻ നടത്തിയ പ്രതികരണമാണ് സുധാകരന്റെ അതൃപ്തിക്ക് കാരണം എന്നാണ് സൂചന. സുധാകരനെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു എം വി ഗോവിന്ദൻ മറുപടി നൽകിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം സുധാകൻ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ ജില്ലാ നേതൃത്വത്തിന്റെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ സുധാകരന്റെ പേരുണ്ടായിരുന്നില്ല. ഇതെല്ലാം സുധാകരനെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം എന്നാണ് സൂചന.
ആലപ്പുഴയിലെ സിറ്റിങ് എംഎൽഎമാരെയെല്ലാം ഉൾപ്പെടുത്തിയാണ് ആലപ്പുഴ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് സ്ഥാനാർത്ഥിസാധ്യത പട്ടിക നൽകിയത്. കായംകുളം, അരൂർ എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് ഒന്നിലേറെ സ്ഥാനാർത്ഥികളെ നിർദേശിച്ചിരിക്കുന്നത്.കായംകുളത്ത് പ്രതിഭയ്ക്ക് പുറമെ ആർ നാസർ, കെ എച്ച് ബാബുജാൻ എന്നിവരെയാണ് നിർദേശിച്ചിരിക്കുന്നത്. അരൂരിലും ആർ നാസറിനെ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ആർ നാസറിനെതിരെ പാർട്ടിയിൽ മുറുമുറുപ്പുണ്ട്. നാസർ മത്സരിച്ചാൽ ജയിക്കാൻ സാധ്യതയില്ല എന്ന് വിലയിരുത്തൽ ഉണ്ടായതായാണ് വിവരം.
Content Highlights: G Sudhakaran, senior Kerala politician, has not renewed his party membership after being excluded from the assembly elections